
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസര്‍ ‘ലവ് വ ഖലം: എം എഫ് ഹുസൈന്‍ മ്യൂസിയം’ ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ മഖ്ബൂല്‍ ഫിദ ഹുസൈന്റെ അനശ്വര പൈതൃകത്തിന് സ്മാരകമായാണ് ഈ മ്യൂസിയം ഉയര്‍ന്നത്.

എം എഫ് ഹുസൈന്‍ മഹാനായ കലാകാരനാണെന്നും അതിര്‍ത്തികള്‍ കടന്ന് സംസ്‌കാരങ്ങളെയും ചരിത്രങ്ങളെയും വ്യക്തിത്വങ്ങളെയും ബന്ധിപ്പിക്കുന്ന ശില്‍പ്പിയാണ് അദ്ദേഹമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ശൈഖ മോസ ബിന്‍ത് നാസര്‍ പറഞ്ഞു.

മഹാനായ കലാകാരന്റെ സ്വപ്‌നം ഇതിലൂടെ സാക്ഷാത്കരിക്കുന്നതില്‍ താന്‍ സന്തോഷവതിയാണെന്നും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പകര്‍പ്പുകളും കലാസൃഷ്ടികളും അവതരിപ്പിക്കുന്ന പുതിയ സാംസ്‌കാരിക സ്മാരകമായിരിക്കും മ്യൂസിയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനി ഉള്‍പ്പെടെ മന്ത്രിമാരും വിശിഷ്ടാതിഥികളും അന്താരാഷ്ട്രകലാ ശേഖരരും വിദഗ്ധരും പങ്കെടുത്ത ചടങ്ങില്‍ എം എഫ് ഹുസൈന്റെ അസാധാരണ കലാജീവിതവും അതിനെ സ്വാധീനിച്ച ചരിത്ര മുഹൂര്‍ത്തങ്ങളും പ്രേക്ഷകര്‍ക്ക് സവിശേഷമായി അവതരിപ്പിച്ചു.

നവംബര്‍ 28 മുതല്‍ പൊതുജനങ്ങള്‍ക്ക് തുറക്കുന്ന മ്യൂസിയത്തില്‍ ഹുസൈന്റെ 150-ത്തിലധികം യഥാര്‍ഥ കൃതികളും വ്യക്തിപരമായ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിന്റെ ഏറ്റവും ആകര്‍ഷകവും വികാര ഭരിതവുമായ നിമിഷം മ്യൂസിയത്തിന്റെ ആശയം ഹുസൈന്‍ സ്വയം വരച്ച സ്‌കെച്ച് അനാവരണം ചെയ്യുന്നതായിരുന്നു. ആ ദര്‍ശനം ഖത്തര്‍ ഫൗണ്ടേഷനും ശില്‍പി മാര്‍ത്താന്‍ഡ് ഖോസ്ലയും യാഥാര്‍ഥ്യമാക്കുകയായിരുന്നു. ഇന്നത് അദ്ദേഹത്തിന്റെ പേരില്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുന്നു.
പഠനത്തിനും സൃഷ്ടിപരമായ അന്വേഷണത്തിനുമുള്ള തുറന്ന വേദിയായ ‘ലവ് വ കലം: എം എഫ്. ഹുസൈന്‍ മ്യൂസിയം’ സന്ദര്‍ശകര്‍ക്ക് ചിത്രങ്ങള്‍, സിനിമ, വസ്ത്രനൂല്‍ കല, ഫോട്ടോഗ്രഫി എന്നിവയിലൂടെ ഹുസൈന്റെ കലാപ്രപഞ്ചത്തിലേക്ക് കടക്കാനുള്ള അവസരം നല്‍കുന്നു. ഇതില്‍ പല കൃതികളും ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നതാണ്. കലാകാരന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കള്‍, അഭിമുഖങ്ങള്‍, ചിന്താവാക്യങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.
മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൃതികളില്‍ അറബ് സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 35 ചിത്രങ്ങളില്‍ ചിലതും ഉള്‍പ്പെടുന്നു. മനുഷ്യ നവോഥാനത്തെ ആഘോഷിക്കുന്ന ഹുസൈന്റെ അവസാന മാഗ്നം ഓപ്പസ് സീറൂ ഫീ അല്‍ അര്‍ദ് 2019-ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ തുറന്നത്, ഇപ്പോള്‍ ഈ മ്യൂസിയത്തിന്റെ പ്രധാന ആകര്‍ഷണമായി മാറിയിട്ടുണ്ട്.
ഉദ്ഘാടനശേഷം ശൈഖ മോസയും അതിഥികളും മ്യൂസിയത്തിലെ വിവിധ ഗാലറികള്‍ സന്ദര്‍ശിച്ചു. ഹുസൈന്റെ ജീവിതവും കലാപരമായ യാത്രയും വിശ്വാസത്തെയും തത്വചിന്തയെയും കാണിച്ചിരുന്ന അദ്ദേഹത്തിന്റെ സമീപനവും യമനി വംശപരമ്പരയോടും അറബ് പൈതൃകത്തോടും പുലര്‍ത്തിയ ബന്ധവും ഗ്യാലറികള്‍ അവതരിപ്പിക്കുന്നു. പിന്നീട് സീറൂ ഫീ അല്‍ അര്‍ദ് ഗാലറിയില്‍ വിരുന്നോടുകൂടി പരിപാടി സമാപിച്ചു.
ഈ മ്യൂസിയം ഹുസൈന്റെ കലാപ്രതിഭയുടെ വൈവിധ്യവും നവീനതയോടുള്ള നിരന്തര അന്വേഷണവും പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടിയാണ്.
എജൂക്കേഷന്‍ സിറ്റിയിലുടനീളം പൊതുജനങ്ങള്‍ക്ക് അനുഭവിക്കാനും ആസ്വദിക്കാനുമായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന 100-ലധികം പൊതുകലാകൃതികളുള്ള ഖത്തര്‍ ഫൗണ്ടേഷന്റെ കലാപൈതൃകത്തില്‍ പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഈ മ്യൂസിയം.
മ്യൂസിയത്തില്‍ കഫേ, ഗിഫ്റ്റ് ഷോപ്പ്, ലൈബ്രറി, ക്രിയേറ്റിവിറ്റി ഹബ്, ഇവന്റുകള്‍ക്കും ലെക്ചറുകള്‍ക്കുമായി ഓഡിറ്റോറിയം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ശനി മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും വെള്ളിയാഴ്ച ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് ഏഴര വരെയുമാണ് മ്യൂസിയം സന്ദര്‍ശിക്കാനുള്ള സമയം. തിങ്കളാഴ്ച പൊതു അവധിയായിരിക്കും.
ഫ്‌ളാഷ് ഉപയോഗിക്കാതെയുള്ള ഫോട്ടോഗ്രഫി അനുവദനീയമാണ്. അറബിയിലും ഇംഗ്ലീഷിലും മാര്‍ഗനിര്‍ദ്ദേശ ടൂറുകള്‍ ലഭ്യമാണ്. ഓഡിയോ ടൂറുകള്‍ 2026-ല്‍ ആരംഭിക്കും.

