ആട്ടുന്നേടത്ത് പിണ്ണാക്ക് കൊടുക്കാത്ത മന്ത്രിയാണ് വീട്ടില്‍ എണ്ണ കൊടുത്തെന്ന് പറയുന്നത്: കുറുക്കോളി മൊയ്തീന്‍ എം എല്‍ എ

Web Desk
3 Min Read

ദോഹ: ആട്ടുന്നേടത്ത് ചെന്നാല്‍ പിണ്ണാക്ക് കൊടുക്കാതിരിക്കുകയും വീട്ടില്‍ ചെന്നാല്‍ എണ്ണ കൊടുക്കുകയും ചെയ്യുമെന്ന നാടന്‍ ചൊല്ലുപോലെയാണ് സംസ്ഥാന കായിക മന്ത്രിയുടെ പെരുമാറ്റമെന്ന് തിരൂര്‍ നിയമസഭാംഗം കുറുക്കോളി മൊയ്തീന്‍. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

തിരൂരില്‍ ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെല്ലാം കായിക മന്ത്രി സ്വന്തം പേരിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി തിരൂരില്‍ അനുവദിച്ച സ്റ്റേഡിയത്തിന് എ എസ് നല്‍കാന്‍ പോലും അദ്ദേഹം തയ്യാറാകുന്നില്ല. സ്വന്തം വകുപ്പിന്റെ കാര്യത്തില്‍ പോലും ഗുണകരമായി പ്രവര്‍ത്തിക്കാത്ത മന്ത്രിയാണ് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് തിരൂര്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ മൂന്ന് പാലങ്ങള്‍, സ്റ്റേഡിയം, ജില്ലാ ആശുപത്രിയിലെ ഓങ്കോളജി ബ്ലോക്ക് എന്നിവയായിരുന്നു. ഇതോടൊപ്പം തിരൂര്‍ മണ്ഡലത്തെ പരിസര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന തിരുന്നാവായ, തവനൂര്‍, പനമ്പാലം എന്നിങ്ങനെയുള്ള പാലങ്ങളും പണി പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ താഴെ പാലം എന്ന നഗരത്തിലെ പാലം ആദ്യവര്‍ഷവും രണ്ടാം വര്‍ഷം തിരൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജും പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മൂന്നാമത്തെ പാലത്തിന് ആവശ്യമായ ഫണ്ട് സംസ്ഥാനത്തു നിന്നും കിട്ടാതെ വന്നപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ സഹായത്തോടെ കേന്ദ്രത്തെ സമീപിക്കുകയും കേന്ദ്രത്തില്‍ നിന്നും 33 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് പണി പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി പത്രം കൂടി കിട്ടാനുണ്ടായിരുന്നത് ഇപ്പോഴാണ് ലഭിച്ചത്. താഴെ അപ്രോച്ച് റോഡിന്റെ പണിയും ഉടന്‍ പൂര്‍ത്തിയാകുമെന്നും അതോടെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ മൂന്ന് പാലങ്ങളുടേയും ജോലികള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നും എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

തവനൂര്‍ പാലത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരാതി കോടതിയിലാണുള്ളതിനാല്‍ പണി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ്. മറ്റൊരു പാലത്തിന്റെ കാര്യത്തില്‍ ഫണ്ട് അനുവദിച്ചത് ആദ്യ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹായത്തോടെയായിരുന്നു. എന്നാല്‍ അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതോടെ രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കി. അന്ന് താനൂര്‍ എം എല്‍ എയായിരുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയും തിരൂര്‍ എം എല്‍ എയായിരുന്ന സി മമ്മൂട്ടിയും പരിശ്രമിച്ചാണ് ഫണ്ട് കിട്ടിയത്. എന്നാല്‍ പിന്നീടു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നെങ്കിലും പണം അനുവദിച്ചില്ല. മൂന്നര വര്‍ഷമായി താന്‍ എം എല്‍ എയായിട്ടെങ്കിലും ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറുക്കോളി മൊയ്തീന്‍ പറഞ്ഞു.

പാലം പ്രവര്‍ത്തികള്‍ക്ക് തിരൂര്‍ മണ്ഡലത്തിലെ ഒന്‍പത് പേരുടേയും താനൂര്‍ മണ്ഡലത്തില്‍ അഞ്ച് പേരുടേയും സ്ഥലങ്ങളാണഅ ഏറ്റെടുക്കേണ്ടത്. ഇവരെയെല്ലാം വിളിച്ചുവരുത്തി യോഗം നടത്തിയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അന്ന് താനല്ലാതെ മറ്റൊരു എം എല്‍ എയും പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ഈ ജോലിയൊക്കെ നിര്‍വഹിച്ച തന്നോട് അതിനെ കുറിച്ച് പറയരുതെന്ന് മന്ത്രി പറഞ്ഞാല്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്നും എം എല്‍ എ വ്യക്തമാക്കി.

പാലം പണിയുടേത് മന്ത്രിയുടെ താനൂര്‍ മണ്ഡലത്തിലേത് മാത്രമല്ല തിരൂര്‍ കൂടി ഉള്‍പ്പെടുന്ന പ്രശ്‌നമാണ്. മാത്രമല്ല പാലം വരുന്നതോടെ കൂടുതല്‍ ഗുണം കിട്ടുന്നതും തിരൂരിനാണ്. അതുകൊണ്ടാണ് എം എല്‍ എ എന്ന നിലയില്‍ താന്‍ ഇടപെടുന്നതെന്നും കുറുക്കോളി മൊയ്തീന്‍ വിശദമാക്കി.

മന്ത്രിയുടെ സഹായം അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പില്‍ നിന്നാണ് വേണ്ടത്. കായിക വകുപ്പ് മന്ത്രിയെന്ന നിലയില്‍ തിരൂര്‍ സ്റ്റേഡിയത്തിന്റെ എ എസ് അനുവദിക്കുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് സ്റ്റേഡിയം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ എട്ടരക്കൊല്ലമായി എ എസ് തരാന്‍ മടിക്കുകയാണ് ഇടതു സര്‍ക്കാര്‍. കായിക വകുപ്പ് കൈകാര്യം ചെയ്യുന്ന അദ്ദേഹം തന്റെ വകുപ്പിലെ പണം അനുവദിക്കുന്നതിന് മടിക്കുകയാണ്. എന്നിട്ടാണ് തിരൂരിലെ വികസനങ്ങള്‍ അദ്ദേഹമാണ് കൊണ്ടുവന്നതെന്ന് പറയുന്നത്.

തിരൂരിന് മാത്രമല്ല മലപ്പുറം ജില്ലയ്ക്കും മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഗുണം കിട്ടുന്നില്ലെന്ന് കുറുക്കോളി മൊയ്തീന്‍ എം എല്‍ എ ആരോപിച്ചു. പ്ലസ് ടു സീറ്റ് കുറവാണ് മലപ്പുറം ജില്ലയ്‌ക്കെന്ന് പറഞ്ഞപ്പോള്‍ സീറ്റ് കൂടുതലും കുട്ടികള്‍ കുറവുമാണെന്ന് പറഞ്ഞയാളാണ് മന്ത്രി. അതിന്റെ പേരില്‍ ഞാനും അദ്ദേഹവുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. കല്‍പകഞ്ചേരി സ്‌കൂളില്‍ ഒരു പരിപാടിയില്‍ അധ്യക്ഷ പ്രസംഗത്തില്‍ ഇക്കാര്യം ഞാന്‍ ഉന്നയിച്ചപ്പോള്‍ എം എല്‍ എ കളവു പറയുന്നു എന്നാണ് മന്ത്രി പറഞ്ഞത്. ഒടുവില്‍ സര്‍ക്കാറിന് 155 ബാച്ചുകള്‍ നല്‍കേണ്ടി വന്നു. അപ്പോള്‍ ആരാണ് കളവു പറഞ്ഞതെന്ന് സമൂഹത്തിന് മനസ്സിലായെന്നും എം എല്‍ എ വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!