Community
ജി സി സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദോഹ: ഗള്‍ഫ് ഇസ്‌ലാഹി സെന്ററുകളുടെ സംയുക്ത കൂട്ടായ്മയായ ജി സി സി കോഡിനേഷന്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലാഹ് കാരാടന്‍ (സൗദി അറേബ്യ) പ്രസിഡണ്ട്, അബ്ദുല്‍ ലത്തീഫ് നല്ലളം (ഖത്തര്‍) ജനറല്‍ സെക്രട്ടറി, ഹസൈനാര്‍ അന്‍സാരി (യു എ ഇ ) ട്രഷറര്‍ എന്നിവരാണ് ഭാരവാഹികള്‍.
സുലൈമാന്‍ മദനി (ഖത്തര്‍), സിദ്ധീഖ് മദനി (കുവൈത്ത്), ഹുസൈന്‍ മാസ്റ്റര്‍ (ഒമാന്‍) എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും സാബിര്‍ ഷൗക്കത്ത് (യു എ ഇ), ഫാറൂഖ് സ്വലാഹി (സൗദി അറേബ്യ), നൂറുദ്ദീന്‍ (ബഹ്‌റൈന്‍) എന്നിവര്‍ സെക്രട്ടറിമാരുമാണ്.
കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന ഭാരവാഹികളായ എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എം ടി മനാഫ് മാസ്റ്റര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങളുടെ മറവില്‍ സമൂഹത്തെ അരാജകവല്‍ക്കരിക്കുകയും കുടുംബ സംവിധാനത്തെ അരക്ഷിതമാക്കുകയും ചെയ്യുന്ന നവ ലിബറല്‍ നീക്കങ്ങളുടെ അപകടം സമൂഹം തിരിച്ചറിയണമെന്ന് ജി സി സി കോഡിനേഷന്‍ സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയരേഖയിലൂടെയും പാഠ്യപദ്ധതിയിലൂടെയും വരെ ഇത്തരം അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള ശ്രമങ്ങള്‍ ഗൗവരമായി കാണേണ്ടതുണ്ട്. മത നിരാസവും മൂല്യ നിരാസവും പരിഷ്‌കാരമായിക്കണ്ട രാജ്യങ്ങള്‍ തെറ്റു തിരുത്തി സുഭദ്ര കുടുംബ വ്യവസ്ഥയിലേക്കും ധര്‍മ്മ ചിന്തകളിലേക്കും തിരിച്ചു നടക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നാം വായിക്കുന്നത്. അപ്രായോഗികവും സമൂഹവിരുദ്ധവുമായ വരട്ടു വാദങ്ങളെ വിപ്ലവമായി വാഴ്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.