

ദുബൈ: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു എന്‍ കണ്‍വെന്‍ഷന്‍ കോപ് 28നോടനുബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തി. യു എ ഇ എക്സ്പോ സിറ്റി ദുബായിലായിരുന്നു കൂടിക്കാഴ്ച.

ഗാസയിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും സംഘര്‍ഷം കുറയ്ക്കാനും വെടിനിര്‍ത്തല്‍ കൊണ്ടുവരാനുമുള്ള വഴികളും യോഗം ചര്‍ച്ച ചെയ്തു.

ഖത്തറും മധ്യസ്ഥ പങ്കാളികളും നിര്‍വഹിച്ച ശ്രമങ്ങള്‍ തുടരാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. താത്ക്കാലികമായി നിര്‍ത്തിയതിന് ശേഷവും ഗാസ മുനമ്പില്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുന്നത് മധ്യസ്ഥ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും അത് കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തരം സിവിലിയന്മാരെയും ലക്ഷ്യമിടുന്നതിലും നിരപരാധികളായ സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതും കൂട്ടായ ശിക്ഷാ നയം നടപ്പിലാക്കുന്നതും യാതൊരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം പ്രകടിപ്പിച്ചു.
ബോംബാക്രമണത്തില്‍ കുടുങ്ങിപ്പോയ ഫലസ്തീനികള്‍ക്ക് ആശ്വാസവും സഹായവും എത്തിക്കുന്നതിന് മാനുഷിക ഇടനാഴികള്‍ തുറക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഊന്നിപ്പറഞ്ഞു.

