ഭരണസേവന കാര്യക്ഷമതയില്‍ ഖത്തറിന് ആഗോള നേട്ടം

Web Desk
1 Min Read

ദോഹ: സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും ഭരണനടപടികളുടെ സുതാര്യതയും വിലയിരുത്തുന്ന ആഗോള സൂചികയില്‍ ഖത്തര്‍ മുന്‍നിര നേട്ടം കൈവരിച്ചു. ദേശീയ പ്ലാനിംഗ് കൗണ്‍സില്‍ പുറത്തുവിട്ട വിവരമനുസരിച്ച് ആപ്‌കോയും ഹോറിസോണണ്‍ ഗ്രൂപ്പും ചേര്‍ന്ന് തയ്യാറാക്കിയ ‘ഗ്ലോബല്‍ ബ്യൂറോക്രസി പെര്‍സെപ്ഷന്‍ ഇന്‍ഡക്സ് 2026’ലാണ് ഖത്തര്‍ ആഗോളതലത്തില്‍ ശ്രദ്ധേയ സ്ഥാനങ്ങള്‍ നേടിയത്.

city exchange

വ്യക്തിഗത സേവനങ്ങളുടെ വിഭാഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ 83.2 ശതമാനം സ്‌കോറോടെ ഖത്തര്‍ ലോകത്ത് ഒന്നാമതെത്തി. നടപടിക്രമങ്ങളുടെ വ്യക്തത വിലയിരുത്തുന്ന ‘ട്രാന്‍സ്പരന്‍സി’ വിഭാഗത്തില്‍ 82.9 ശതമാനവും സേവനഫലങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്ന ‘പ്രെഡിക്ടബിലിറ്റി’ വിഭാഗത്തില്‍ 82 ശതമാനവും നേടി ഒന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്.

സാമ്പത്തികവും മറ്റ് ബുദ്ധിമുട്ടുകളും കുറഞ്ഞ രീതിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘അഫോര്‍ഡബിലിറ്റി’ വിഭാഗത്തിലും 81.5 ശതമാനം സ്‌കോറോടെ ഖത്തര്‍ ആഗോള ഒന്നാം സ്ഥാനം നേടി. സേവനലഭ്യത വിലയിരുത്തുന്ന ‘ആക്‌സസിബിലിറ്റി’ വിഭാഗത്തില്‍ 73.1 ശതമാനം സ്‌കോറോടെ മേഖലയില്‍ ഒന്നാമതും ലോകത്ത് മൂന്നാമതുമായി.

ബിസിനസ് സേവനങ്ങളുടെ കാര്യത്തിലും ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ‘ട്രാന്‍സ്പരന്‍സി’ വിഭാഗത്തില്‍ 83.2 ശതമാനം സ്‌കോറോടെ മേഖലയിലെ ഒന്നാം സ്ഥാനവും ലോകത്ത് മൂന്നാം സ്ഥാനവും നേടി. ‘ടൈം’ വിഭാഗത്തില്‍ 83.4 ശതമാനവുമായി ലോകത്ത് മൂന്നാം സ്ഥാനവും ‘പ്രെഡിക്ടബിലിറ്റി’ വിഭാഗത്തില്‍ 81.3 ശതമാനവുമായി നാലാം സ്ഥാനവും കരസ്ഥമാക്കി.

- Advertisement -
Ad image

സര്‍ക്കാര്‍ സേവനങ്ങളില്‍ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും ഖത്തര്‍ മുന്‍നിര രാജ്യങ്ങളിലൊന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന ബിസിനസ് സ്ഥാപനങ്ങളില്‍ 65 ശതമാനവും എ ഐ അധിഷ്ഠിത സംവിധാനങ്ങളുമായി ഇടപഴകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുഗമമായും ലഭ്യമാക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ പ്രതിഫലനമായാണ് ഇതിനെ വിലയിരുത്തുന്നത്.

സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും അനുഭവങ്ങള്‍ ആസ്പദമാക്കി തയ്യാറാക്കുന്ന ആദ്യ ആഗോള സൂചികയാണ് ‘ഗ്ലോബല്‍ ബ്യൂറോക്രസി പെര്‍സെപ്ഷന്‍ ഇന്‍ഡക്സ്’. സേവനങ്ങളുടെ വ്യക്തത, നടപടിക്രമങ്ങളുടെ സ്ഥിരത, ഉപഭോക്തൃ സംതൃപ്തി തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!