
ദോഹ: ഖത്തര്‍ സ്പ്രിന്റര്‍ അബ്ദുല്ല ഹാറൂണ്‍ കാറപകടത്തില്‍ മരിച്ചു. 24 വയസ്സായിരുന്നു.
ഖത്തറിന്റെ ഉദയ നക്ഷത്രമെന്നാണ് അബ്ദല്ല ഹാറൂണിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. 2015 മുതലാണ് ഖത്തറിന്റെ ട്രാക്ക്, ഫീല്‍ഡ് സ്പ്രിന്റര്‍ താരമായി അബ്ദല്ല ഹാറൂണ്‍ ട്രാക്കിലിറങ്ങിയത്. 2017ലാണ് 400 മീറ്ററില്‍ 44.48 സെക്കന്റില്‍ ഓടിയെത്തി വെങ്കല മെഡല്‍ ജേതാവായത്.
വ്യക്തിഗത നേട്ടങ്ങളില്‍ 2015ല്‍ 400 മീറ്ററില്‍ ഏഷ്യന്‍ ഇന്‍ഡോര്‍ റെക്കോര്‍ഡ് 45.39 സെക്കന്റ് കരസ്ഥമാക്കിയാണ് അബ്ദല്ല കായികലോകത്തില്‍ ശ്രദ്ധേയനായത്. ജൂനിയര്‍ കാറ്റഗറി അത്ലറ്റ് വിഭാഗത്തില്‍ മൂന്നാമത്തെ ഏറ്റവും വലിയ വേഗവുമായിരുന്നു അത്. 2018ല്‍ 44.07 സെക്കന്റാണ് ഏഷ്യന്‍ ഔട്ട്ഡോര്‍ റെക്കോര്‍ഡ്.
2015ലെ അറബ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പുകളില്‍ ഒന്നാമന്‍, 2016ല്‍ ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും ലോക അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടി.
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഒളിംപിക് ഗെയിംസിലും പങ്കെടുത്തിരുന്നു. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററിലും 400 മീറ്റര്‍ റിലേയിലുമായി രണ്ടു സ്വര്‍ണവും സ്വന്തമാക്കി. 2019ല്‍ ദോഹയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു.

