

ദോഹ: സിറിയന്‍ അറബ് റിപ്പബ്ലിക്കും അയല്‍ രാജ്യങ്ങളുമായുള്ള ബഫര്‍ സോണ്‍ ഇസ്രായേല്‍ അധിനിവേശം പിടിച്ചെടുത്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. അപകടകരമായ സംഭവവികാസമാണ് ഇതെന്നും സിറിയയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരായ നഗ്നമായ ആക്രമണവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി.

സിറിയന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ അധിനിവേശം പിന്തുടരുന്ന നയം കൂടുതല്‍ അക്രമത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍, അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങള്‍ പാലിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുന്നതിനും അതോടൊപ്പം അവരുടെ അവസരവാദ പദ്ധതികളെ അഭിമുഖീകരിക്കുന്നതില്‍ ഐക്യപ്പെടുന്നതിനും അന്താരാഷ്ട്ര സമൂഹം നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശങ്ങളുടെ ഐക്യവും അഖണ്ഡതയും എന്നിവയെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അചഞ്ചലമായ നിലപാട് മന്ത്രാലയം ആവര്‍ത്തിച്ചു.
സിറിയയില്‍ സുരക്ഷയും സുസ്ഥിരതയും സ്ഥാപിക്കുന്നതിനും ജനതയുടെ അഭിലാഷങ്ങള്‍ കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ അറിയിച്ചു.

