
ദോഹ: ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നതില്‍ ഖത്തര്‍ ശക്തമായി അപലപിച്ചു. ഈ ലംഘനങ്ങള്‍ നിരവധി ആളുകളുടെ രക്തസാക്ഷിത്വത്തിനും പരുക്കുകള്‍ക്കും കാരണമായതായി ഖത്തര്‍ വ്യക്തമാക്കി.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ നടപടികള്‍ സാഹചര്യം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുന്ന അപകടകരമായ കാര്യമാണെന്നും ഗാസയില്‍ ശാന്തത ഉറപ്പാക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുമായി നടക്കുന്ന പ്രാദേശികവും അന്താരാഷ്ട്രവുമായ ശ്രമങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്കി.

ഈ ലംഘനങ്ങള്‍ തുടരുന്നത് നിലവിലുള്ള രാഷ്ട്രീയ പ്രക്രിയയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ഗാസയില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതവും സ്ഥിരതയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിര്‍ദേശിച്ച പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി നടപ്പാക്കുന്നതിനും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803 പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനും വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഗാസയില്‍ പ്രാരംഭ പുനരുദ്ധാരണവും പുനര്‍നിര്‍മാണ ഘട്ടവും ആരംഭിക്കുന്നതിനുള്ള അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ഏതൊരു നടപടിയിലും ഏര്‍പ്പെടാതെ എല്ലാ പക്ഷങ്ങളും പരമാവധി ആത്മസംയമനം പാലിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

