

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്ന ഇളവുകള്‍ റദ്ദാക്കി. ലോകകപ്പ് അവസാനിച്ച സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ പഴയ രീതിയിലേക്ക് മാറ്റിയത്.

ഡിസംബര്‍ 23 മുതല്‍ ഹയാ കാര്‍ഡ് കാണിച്ച് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ ഹയ സംഘാടകര്‍ക്ക് അടുത്ത നോട്ടീസ് പുറപ്പെടുവിക്കുന്നതുവരെ ഈ അനുമതി ലഭ്യമായിരിക്കും.ഡിസംബര്‍ 23 മുതല്‍ പ്രവേശന നടപടികള്‍ പഴയതുപോലെ ആകുന്നതിനാല്‍ 42 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് വിസ ഓണ്‍ അറൈവലില്‍ ഖത്തറിലെത്താവുന്നതാണ്.

ആറു മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കുക, കണ്‍ഫേം ചെയ്ത മടക്ക ടിക്കറ്റ്, സന്ദര്‍ശക കാലാവധിയിലെ ഹോട്ടല്‍ ബുക്കിംഗ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഓണ്‍അറൈവല്‍ കാലാവധി 90 ദിവസത്തില്‍ നിന്നും ദീര്‍ഘിപ്പിക്കാനാവില്ല.40 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസത്തേക്കാണ് ഓണ്‍ അറൈവല്‍ അനുവദിക്കുക. 90 ദിവസക്കാര്‍ക്ക് പറഞ്ഞ എല്ലാ നിബന്ധനകളും 30 ദിവസക്കാര്‍ക്കും ബാധകമാണ്.
ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തേക്ക് 100 റിയാലിന് ടൂറിസ്റ്റ് വിസ അനുവദിക്കും. ടൂറിസ്റ്റ് വിസ കാലാവധി 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാവുന്നതാണ്.
ഇന്ത്യ, പാകിസ്താന്‍, തായി പൗരന്മാര്‍ക്ക് 30 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ അനുവദിക്കും. എന്നാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം. മറ്റു വെബ്‌സൈറ്റുകള്‍ വഴിയുള്ള ഹോട്ടല്‍ ബുക്കിംഗ് സ്വീകരിക്കില്ല.
യുക്രെയ്ന്‍ പൗരന്മാര്‍ക്ക് 90 ദിവസത്തേക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കും. എന്നാല്‍ അവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കണം.ഇറാനിയന്‍ പൗരന്മാര്‍ക്ക് 30 ദിവസത്തേക്ക് ടൂറിസ്റ്റ് വിസയോ ബിസിനസ് വിസയോ അനുവദിക്കുമെങ്കിലും അവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റ് വഴി മുറി ബുക്ക് ചെയ്തിരിക്കണം.

