
ന്യൂയോര്‍ക്ക്: വിദ്യാഭ്യാസം, ആഗോള ആരോഗ്യം, യുവ നേതൃത്വം, സുസ്ഥിരത, നിര്‍മിത ബുദ്ധി തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യു എഫ്) സജീവ പങ്കാളിത്തം വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന വിവിധ പരിപാടികളിലും ചര്‍ച്ചകളിലുമാണ് ഫൗണ്ടേഷന്‍ പങ്കെടുത്തത്.

ക്യു എഫിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ അധ്യാപകര്‍, ഗവേഷകര്‍, നയവിദഗ്ധര്‍ എന്നിവര്‍ ആഗോളതലത്തിലെ പ്രധാന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഖത്തറിന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്നതിനുമായി നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തു.

ക്യു എഫിന്റെ ആഗോള വിദ്യാഭ്യാസ ചിന്താകേന്ദ്രമായ വൈസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസത്തിന്റെ ഭാവി, നവീകരണം, നൈപുണ്യ വികസനം എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. അന്താരാഷ്ട്ര പങ്കാളികള്‍, നയരൂപീകരണക്കാര്‍, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗങ്ങളില്‍ ആഗോളതലത്തില്‍ പഠനത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള പുതിയ സാധ്യതകളും പരിശോധിച്ചു.
എജുക്കേഷന്‍ ഫ്യൂച്ചേഴ്‌സ് ഫോറത്തില്‍ പങ്കെടുത്ത വൈസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അസ്യ കസ്മി, അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും ഇന്ന് വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നതാണെന്ന് പറഞ്ഞു. രാഷ്ട്രീയ ഇച്ഛാശക്തിയും കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ അധ്യാപനവും ആവശ്യമാണ് ഇതിന് പരിഹാരമെന്നും അവര്‍ വ്യക്തമാക്കി. ഈ അടിസ്ഥാന കഴിവുകള്‍ ഇല്ലാത്തപക്ഷം കുട്ടികള്‍ക്ക് തുടര്‍പഠനത്തിനും അവസരങ്ങള്‍ക്കും മുന്നേറാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
യുവജന ശാക്തീകരണത്തിന്റെ ഭാഗമായി ഖത്തര്‍ ഡിബേറ്റിലെ യുവ പ്രതിനിധികള്‍ 2026 കോണ്‍കോര്‍ഡിയ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്തു. നയതന്ത്ര രംഗത്തെ യുവജന പങ്കാളിത്തം, വനിതാ നേതൃത്വം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു.
‘ഫ്രം ഫ്യൂച്ചര്‍ ലീഡേഴ്‌സ് ടു പ്രസന്റ് പവര്‍: യൂത്ത് അറ്റ് ദ ഡിപ്ലോമാറ്റിക് ടേബിള്‍’ എന്ന സെഷനില്‍ ഖത്തര്‍ ഡിബേറ്റിലെ യുവ പ്രതിനിധി അലി അല്‍മവ്‌ലവി പങ്കെടുത്തു. ആഗോള അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലെ വനിതാ നേതൃത്വത്തെക്കുറിച്ചുള്ള സെഷന് നൂര്‍ അല്‍താനി നേതൃത്വം നല്‍കി.
നിര്‍മിത ബുദ്ധി ഉത്തരവാദിത്തവും സമാധാന നിര്‍മാണവും ശക്തിപ്പെടുത്താന്‍ എങ്ങനെ ഉപയോഗിക്കാമെന്ന വിഷയത്തില്‍ ഖത്തര്‍ ഡിബേറ്റിലെ യുവ പ്രതിനിധി ശൈഖ അലനൂദ് അല്‍താനിയും സംസാരിച്ചു. സുതാര്യതയും മെച്ചപ്പെട്ട തീരുമാനമെടുക്കലും ശക്തിപ്പെടുത്തുന്ന തരത്തിലാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.
നവീകരണത്തിന്റെയും വികസനത്തിന്റെയും സാംസ്‌കാരിക വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ക്യു എഫ് ന്യൂയോര്‍ക്കിലെ ഗോള്‍സ് ഹൗസില്‍ ‘ട്രഡിഷന്‍ മീറ്റ്‌സ് ടുമാറോ’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. വിദ്യാഭ്യാസം, സുസ്ഥിരത തുടങ്ങിയ മേഖലകളിലെ സമകാലിക ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ സാംസ്‌കാരിക പൈതൃകത്തിനും തലമുറകളിലൂടെ കൈമാറിവരുന്ന അറിവിനുമുള്ള പങ്കാണ് ചര്‍ച്ച ചെയ്തത്.
ക്യു എഫിന്റെ പോളിസി ഹബിലെ പ്രോഗ്രാം മാനേജര്‍ മഷായില്‍ എം അല്‍ നഈമി, പാരമ്പര്യങ്ങള്‍ അറിവിന്റെ സംവിധാനങ്ങളാണെന്നും ഇന്നത്തെ വെല്ലുവിളികളെ നേരിടുന്നതിന് അവ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുവെന്നും പറഞ്ഞു. നവീകരണവുമായി മത്സരിക്കുന്ന ഒന്നല്ല പാരമ്പര്യമെന്നും മറിച്ച് നവീകരണത്തിന് അടിത്തറയൊരുക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.
ക്യു എഫിന്റെ സ്‌കൂളായ അക്കാദമിയാത്തിയിലെ പ്രിന്‍സിപ്പല്‍ മുഹമ്മദ് അഹമ്മദ് അല്‍ ഷാബി, ആഗോളതലത്തിലെ വൈദഗ്ധ്യത്തെ സമൂഹത്തിന്റെ ആവശ്യങ്ങളുമായും സാംസ്‌കാരിക മൂല്യങ്ങളുമായും സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇത് പഠനം കൂടുതല്‍ അര്‍ഥവത്താക്കുന്നതിനൊപ്പം വിദ്യാര്‍ഥികളുടെ സാംസ്‌കാരിക സ്വത്വവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഭാവിക്കായി അവരെ സജ്ജരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യവും ഉള്‍ക്കൊള്ളലും സംബന്ധിച്ച മേഖലയില്‍ ക്യു എഫ്, ഓട്ടിസം സ്പീക്‌സ്, യുനിസെഫ് എന്നിവ ചേര്‍ന്ന് സ്ഥാപിക്കുകയും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) പിന്തുണയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഗ്ലോബല്‍ ഓട്ടിസം അഡ്വക്കസി കോയലിഷന്‍ (ജി എ എ സി) ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2025ലെ ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചാണ് സഖ്യം ആരംഭിച്ചത്.
ആദ്യ വര്‍ഷം കൈവരിച്ച പുരോഗതി സഖ്യം അവതരിപ്പിച്ചു. തൊഴില്‍ശേഷി വികസനം, നവീകരണം, നയ സഹകരണം, ഉള്‍ക്കൊള്ളല്‍, പ്രാദേശികതലത്തിലുള്ള പ്രവര്‍ത്തനം എന്നിവ ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ക്കും തുടക്കമിട്ടു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമാണെന്ന് തെളിയിച്ച പരിഹാരങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഓട്ടിസം ബാധിതര്‍ക്ക് പിന്തുണ ഉറപ്പാക്കുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത്.
യു എന്‍ പൊതുസഭയോടനുബന്ധിച്ച പരിപാടികളിലെ പങ്കാളിത്തത്തിലൂടെ ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും സുസ്ഥിരമായ മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര സംവാദങ്ങളിലും പങ്കാളിത്തങ്ങളിലും തുടര്‍ന്നും സജീവമായി ഇടപെടാനുള്ള പ്രതിബദ്ധത ഖത്തര്‍ ഫൗണ്ടേഷന്‍ ആവര്‍ത്തിച്ചു.

