

ദോഹ: ഖത്തറിന്റെ യാത്രാ- മടക്കയാത്രാ നയം രാജ്യത്തിന്റെ കോവിഡ്- 19 തന്ത്രത്തിലെ പ്രധാന നടപടിയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് കര്‍ശനമായ കോവിഡ് നയം നടപ്പിലാക്കുന്നത് വിജയകരമായ രോഗ നിയന്ത്രണ തന്ത്രത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഖത്തറിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ കോവിഡ് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നയത്തിന്റെ അപ്ഡേറ്റുകള്‍ നടത്തിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറില്‍ സെപ്തംബര്‍ നാല് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്രധാന മാറ്റങ്ങളുടെ സംഗ്രഹം പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി.

കോവിഡ്-19 റെഡ് ആരോഗ്യ നയങ്ങള്‍ക്ക് വിധേയമായ രാജ്യങ്ങളുടെ പട്ടിക നീക്കം ചെയ്യുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാജ്യത്തെ നടപടിക്രമങ്ങള്‍ക്ക് അനുസരിച്ച് ഐസൊലേഷനും ക്വാറന്റൈനും വിധേയമാകേണ്ട കോവിഡ് പോസിറ്റീവ് യാത്രക്കാര്‍ ഒഴികെ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്റെ ആവശ്യമില്ല.
രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വ്യക്തികളുടെ വാക്്‌സിനേഷന്‍ നില പരിഗണിക്കാതെ പ്രീ- അറൈവല്‍, പോസ്റ്റ്- അറൈവല്‍ കോവിഡ് പരിശോധനാ നടപടികള്‍ ആവശ്യമാണ്.
ഖത്തരികളും താമസക്കാരും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെന്ററിലോ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത സ്വകാര്യ മെഡിക്കല്‍ സെന്ററിലോ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാകണം.
സന്ദര്‍ശക വിസയിലുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ച പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പി സി ആര്‍) പരിശോധന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഷെഡ്യൂള്‍ ചെയ്തതില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് ഫലമുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനാ ഫലം എന്നിവ കൈയില്‍ കരുതണം.

