ഇസ്ലാമിക് ഫിന്‍ടെക് മേഖലയിലെ ആഗോള റാങ്കിംഗില്‍ ഖത്തര്‍ ആറാം സ്ഥാനത്ത്

Web Desk
2 Min Read

ദോഹ: ഗ്ലോബല്‍ ഇസ്ലാമിക് ഫിന്‍ടെക് റിപ്പോര്‍ട്ട് 2025 2026 പ്രകാരം ഇസ്ലാമിക് ധനസാങ്കേതിക (ഫിന്‍ടെക്) മേഖലയിലെ ഏറ്റവും വലിയ ആഗോള ഹബ്ബുകളിലൊന്നായി ഖത്തര്‍ ആറാം സ്ഥാനത്തെത്തി.

city exchange

റിപ്പോര്‍ട്ട് അനുസരിച്ച് 2024 2025 കാലയളവില്‍ ഖത്തറിലെ ഇസ്ലാമിക് ഫിന്‍ടെക് വിപണിയുടെ വലുപ്പം 3.1 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വാര്‍ഷിക സംയുക്ത വളര്‍ച്ചാ നിരക്ക് 9 ശതമാനമായി ഉയര്‍ന്ന് 2029ഓടെ 4.8 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രവചനം.

ദിനാര്‍സ്റ്റാന്‍ഡേര്‍ഡും എലിപ്‌സസും ചേര്‍ന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ അതോറിറ്റിയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മേഖലയ്ക്ക് ഏറ്റവും അനുകൂലമായ അന്തരീക്ഷമുള്ള രാജ്യങ്ങളെ വിലയിരുത്തുന്ന ആഗോള സൂചികയില്‍ ഖത്തറിനെ ഏഴാം സ്ഥാനത്തും ഉള്‍പ്പെടുത്തി.

രാജ്യത്തിന്റെ മൂന്നാം ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്ട്രാറ്റജിയോട് അനുബന്ധമായി ഡിജിറ്റല്‍ ധനസേവനങ്ങളിലേക്കുള്ള പ്രവേശനം വര്‍ധിപ്പിക്കുന്നതിനായി ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്ന ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്ടര്‍ ചീഫ് ഓഫീസര്‍ ഹെന്‍ക് ജാന്‍ ഹൂഗന്‍ഡോര്‍ണ്‍ പറഞ്ഞു,

- Advertisement -
Ad image

ആഗോളതലത്തില്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒ ഐ സി) അംഗരാജ്യങ്ങളിലെ ഇസ്ലാമിക് ഫിന്‍ടെക് മേഖല വാര്‍ഷികമായി 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ആഗോള വിപണി 2024ലെ 198 ബില്യണ്‍ ഡോളറില്‍ നിന്ന് 2029ഓടെ ഏകദേശം 341 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്ക്.

റിപ്പോര്‍ട്ട് പ്രകാരം, 2024- 2025 കാലയളവില്‍ ഇടപാട് വോളിയം അടിസ്ഥാനത്തില്‍ സൗദി അറേബ്യ, ഇറാന്‍, മലേഷ്യ, യു എ ഇ, ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ ഇസ്ലാമിക് ഫിന്‍ടെക് വിപണിയില്‍ മുന്നില്‍ നിന്നു. ഇവയില്‍ ഓരോ രാജ്യവും 3.1 ബില്യണ്‍ ഡോളറിലധികം ഇടപാടുകള്‍ രേഖപ്പെടുത്തി. ആഗോള ഇസ്ലാമിക് ഫിന്‍ടെക് പ്രവര്‍ത്തനങ്ങളുടെ 93 ശതമാനവും ഈ ആറു വിപണികളിലൂടെയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മേഖലയിലെ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായി മൂലധനം സമാഹരിക്കുന്നതിലും ധനസഹായം നേടുന്നതിലും ഉള്ള ബുദ്ധിമുട്ടുകള്‍, നിയന്ത്രണങ്ങളിലെ സങ്കീര്‍ണതയും അനുസരണ ആവശ്യകതകളും, ഉപഭോക്താക്കളെ നേടുന്നതിനുള്ള ഉയര്‍ന്ന ചെലവ്, ഭൂമിശാസ്ത്രപരമായ വ്യാപനവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍, ശരിയ അനുസൃതമായ ഡിജിറ്റല്‍ ധനോത്പന്നങ്ങളെക്കുറിച്ചുള്ള ഉപഭോക്തൃ ബോധവത്ക്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്നിവ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്, 2026ഓടെ പരീക്ഷണ ഘട്ടത്തില്‍ നിന്നു ഗൗരവമുള്ള നടപ്പാക്കലിലേക്ക് മേഖലയ്ക്ക് മാറ്റമുണ്ടാകുമെന്നും കൂടുതല്‍ വ്യക്തമായ ബിസിനസ് മാതൃകകള്‍ രൂപപ്പെടുമെന്നും ആണ്. പ്രത്യേകിച്ച് ഡിജിറ്റല്‍ ആസ്തികളില്‍ ഘടനാപരമായ മാറ്റം സംഭവിക്കുകയും കൂടുതല്‍ സുതാര്യതയും ശരിഅ അനുസരണയും ഉറപ്പാക്കി പേയ്‌മെന്റുകളും ഇടപാട് തീര്‍പ്പാക്കലുകളും സുഗമമാക്കുകയും ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!