Community
രജത ജൂബിലി നിറവില്‍ ഖത്തര്‍ സംസ്‌കൃതി; ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍
ദോഹ: ഖത്തര്‍ മലയാളികള്‍ക്കിടയില്‍ കലാ- കായിക- സാഹിത്യ- സാംസ്‌ക്കാരിക- ജീവകാരുണ്യ- സേവന പ്രവര്‍ത്തനങ്ങളുമായി സംസ്‌കൃതി ഖത്തര്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും കുടുംബ സംഗമവും ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച വുഖൈര്‍ മഷാഫ് പോഡാര്‍ പേള്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യൂണിക്കേഷന്‍ എം ഡിയുമായ ജോണ്‍ ബ്രിട്ടാസ് എം പി സംസ്‌കൃതി രജത ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ സാമൂഹിക- സാംസ്‌ക്കാരിക- സംഘടനാ പ്രതിനിധികളും വാണിജ്യ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ ഒന്‍പത് മുതല്‍ ജനകീയ നാടന്‍ കായിക മത്സരങ്ങളോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുക. രണ്ടായിരത്തിലധികം പേരുടെ മെഗാ കേരളീയ സദ്യ, 130ലേറെ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന തിരുവാതിരകളി, മാര്‍ഗംകളി, ഒപ്പന, ചവിട്ടുനാടകം, പൂരക്കളി, ഫ്യൂഷന്‍, ക്ലാസിക്കല്‍ സംഘനൃത്തങ്ങള്‍, ഗാനമേള, വഞ്ചിപ്പാട്ട്, വീരനാട്യം, കഥകളി, പഞ്ചാരിമേളം തുടങ്ങി മൂന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കലാവിരുന്ന് അരങ്ങേറും. ഉച്ചക്ക് രണ്ടരയോടെ രജതജൂബിലി ആഘോഷ ഉദ്ഘാടന സാംസ്‌ക്കാരിക സമ്മേളനം നടക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള സാഹിത്യ പ്രതിഭകള്‍ പങ്കെടുക്കുന്ന സാംസ്‌ക്കാരിക സദസ്സ്, പ്രഭാഷണ സദസ്സ്, ആര്‍ദ്ര നിലാവ് കാവ്യപരിപാടി, മലയാളം മിഷന്‍ വിവിധ പരിപാടികള്‍, സി വി ശ്രീരാന്‍ സാഹിത്യ പുരസ്‌ക്കാരം, വനിതാ ശില്‍പശാല, ബോധവത്ക്കരണ സെമിനാറുകള്‍, മാധ്യമ സെമിനാറുകള്‍, സാംസ്‌ക്കാരിക കലാപരിപാടികള്‍, വിവിധ കായിക ടൂര്‍ണമെന്റുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഇ എം സുധീര്‍, സാബിത്ത്, ഷംസീര്‍ അരികുളം, ഓമനക്കുട്ടന്‍ പരുമല എന്നിവര്‍ പങ്കെടുത്തു.