
ദോഹ: സംസ്കൃതി ഖത്തറിന്റെ പതിമൂന്നാമത് സി വി ശ്രീരാമന് സാഹിത്യ പുരസ്ക്കാരത്തിന് ഡോ. സുകുമാര്‍ കാനഡ അര്‍ഹനായതായി സംസ്കൃതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘മാനസിയുടെ നോവലുകള്‍’ എന്ന ചെറുകഥയാണ് ഡോ. സുകുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അരലക്ഷം രൂപയും സി വി ശ്രീരാമന് സ്മാരക പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

1987 മുതല്‍ കാനഡയിലെ വാന്‍കൂവറില്‍ താമസമാക്കിയ പ്രൊഫഷണല്‍ എന്‍ജിനീയറും എഴുത്തുകാരനുമായ ഡോ. സുകുമാര്‍ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശിയാണ്. കാനഡയിലേക്ക് കുടിയേറുംമുമ്പ് കാലിക്കറ്റ് റീജിയണല്‍ എന്‍ജിനീയറിങ് കോളേജില്‍ അധ്യാപകനായിരുന്നു.

വിവിധ പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാര്‍ മാതൃഭൂമി യാത്ര, മാതൃഭൂമി ദിനപത്രം, മനോരമ ദിനപത്രം, കലാകൗമുദി, എഴുത്ത് മാഗസിന് തുടങ്ങി വിവിധ പത്രങ്ങളിലും അനുകാലികങ്ങളിലും ലേഖനങ്ങളും ചെറുകഥകളും യാത്രാവിവരണങ്ങളും ചിത്രങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈരളി, അമൃത ടിവി ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഡോ. സുകുമാറിന് ‘ദ്രൗപദി’ എന്ന നോവലിന്റെ വിവര്‍ത്തനത്തിന് 2024-ലെ ഫൊക്കാനയുടെ മികച്ച വിവര്‍ത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡ് ജേതാവുമായ ടിഡി രാമകൃഷ്ണന് ചെയര്‍മാനും പ്രമുഖ നോവലിസ്റ്റുകളായ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ജേതാവ് ആര് രാജശ്രീ, കെ വി മോഹന്‍കുമാര്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.
വിഷയത്തിലെ പുതുമയും ഭാഷ, ക്രാഫ്റ്റ്, കഥാപാത്രവികാസം എന്നിവയിലെ മികവും ഡോ. സുകുമാറിന്റെ ‘മാനസിയുടെ നോവലുകള്‍’ എന്ന കഥയുടെ പ്രത്യേകതകളായി പുരസ്കാരസമിതി നിരീക്ഷിച്ചു
ജപ്പാന്, ചൈന, ആസ്ത്രേലിയ, ന്യൂസിലന്റ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫുനാടുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരില്‍നിന്ന് ലഭിച്ച 91 ചെറുകഥകളാണ് ഈ വര്‍ഷം പുരസ്കാരത്തിനായി മത്സരിച്ചത്.
നവംബര്‍ 19 വ്യാഴാഴ്ച വൈകിട്ട് പുരസ്കാരസമര്‍പ്പണവും സംസ്കാരിക സമ്മേളനവും ഐ സി സിയില്‍ നടക്കും. അവാര്‍ഡ് സമിതി ചെയര്‍മാനും പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ടി ഡി രാമകൃഷ്ണന് പുരസ്കാരം സമ്മാനിക്കും.

