

ദോഹ: പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സയും അനാഥരുടെ സ്പോണ്‍സര്‍ഷിപ്പും സംബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിക്കേറ്റ ഫലസ്തീനികളെ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഖത്തറിലെത്തി.

വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ അമീരി എയര്‍ഫോഴ്സിന്റെ മെഡിക്കല്‍ ഇക്വയേഷന്‍ വിമാനം ദോഹയില്‍ ഇറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

വീടും പ്രിയപ്പെട്ടവരേയും കൈയും കാലും നഷ്്ടപ്പെട്ടവരുമെല്ലാമടങ്ങുന്ന ഓരോരുത്തരുടേയും ഓരോ കഥയുള്ളവരാണ് അവരെന്നും എന്നിട്ടും അവര്‍ തങ്ങളുടെ വിശ്വാസമോ ക്ഷമയോ ഹൃദയത്തില്‍ നിന്നുള്ള സംതൃപ്തിയുടെ പുഞ്ചിരിയോ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് അവര്‍ കുറിച്ചു.
ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ അബ്ദുല്ല ഗന്നം, ഫലസ്തീന്‍ എംബസിയിലെ ജീവനക്കാരും മന്ത്രിയും ദോഹ വിമാനത്താവളത്തില്‍ രോഗികളെ സ്വീകരിച്ചു. ഗതാഗത പ്രക്രിയയില്‍ നല്‍കിയ പിന്തുണയ്ക്ക് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിനും ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിനും നന്ദി പറയുന്നുവെന്നും അല്‍ ഖാതര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ മുനമ്പില്‍ നിന്ന് 3,000 അനാഥരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനൊപ്പം പരിക്കേറ്റ 1,500 ഫലസ്തീനികളെ ചികിത്സിക്കാന്‍ ഡിസംബര്‍ മൂന്നിനാണ് അമീര്‍ നിര്‍ദ്ദേശം നല്‍കിയ്ത. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് പരിക്കേറ്റവരുടെ ആദ്യ വിമാനം ഡിസംബര്‍ നാലിന് ഖത്തറിലെത്തി.

