

കണ്ണൂര്‍: മംഗലാപുരത്തു നിന്നും അബൂദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്ത്യയുടെ ഐ എക്‌സ് 815 വിമാനമാണ് കണ്ണൂരില്‍ അടിയന്തരമായി നിലത്തിറക്കിയത്.

മംഗലാപുരത്തു നിന്നും വ്യാഴാഴ്ച രാത്രി 9.27നാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ മിനുട്ടുകള്‍ക്കകം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൈലറ്റ് അടിയന്തര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. എന്താണ് വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

നിറയെ ഇന്ധനമുണ്ടായിരുന്ന വിമാനം ലാന്റ് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ കടലിനു മുകളില്‍ വട്ടമിട്ടു പറന്നതിന് ശേഷം അര്‍ധരാത്രി 12.10ഓടെയാണ് കണ്ണൂരില്‍ ഇറക്കാനായത്.
