

ദോഹ: രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് കൃതിയെങ്കിലും ഷഹര്‍ബാനു റിസ്‌വി തന്റെ പുസ്തകത്തിലൂടെ കാഴ്ച നല്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ പ്രതിവര്‍ഷം 100 തിമിര ശസ്ത്രക്രിയകള്‍ക്കുള്ള സഹായം നല്കാനാണ് അവര്‍ തയ്യാറായത്.

ഖത്തറിലെ താമസക്കാരിയായ പാകിസ്താനി പാചക എഴുത്തുകാരി ഷഹര്‍ബാനുവിന്റെ ആഗ്രയില്‍ നിന്ന് കറാച്ചിയിലേക്കുള്ള പാചക യാത്രാ ഗ്രന്ഥമായ വിര്‍സയാണ് പ്രതിവര്‍ഷം 100 തിമിര ശസ്ത്രക്രികള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഗൗര്‍മണ്ട് അവാര്‍ഡ് ജേത്രി കൂടിയാണ് വിര്‍സയിലൂടെ ഷഹര്‍ബാനു റിസ്‌വി.


ഫോട്ടോഗ്രാഫറും എഴുത്തുകാരിയും ബ്ലോഗറുമായ ഷഹര്‍ബാനു റിസ്‌വിയെടുത്ത ഫോട്ടോകളും എഴുത്തുമാണ് വിര്‍സയിലുള്ളത്. ഏറ്റവും മികച്ച പാചക പുസ്തകത്തിനുള്ള പാരീസിലെ ഗൗര്‍മൗണ്ട് പുരസ്‌ക്കാരം 2021 നവംബറില്‍ ഷഹര്‍ബാനുവിനായിരുന്നു. കുടുംബ പൈതൃകത്തില്‍ നിന്നുള്ള പാചകക്കുറിപ്പുകള്‍ കൂടി ചേര്‍ന്ന സമാഹാരമായതിനാലാണ് പൈതൃകം എന്ന ഉര്‍ദു വാക്കായ വിര്‍സ എന്ന പേരാണ് പുസ്തകത്തിന് നല്കിയത്.
ഭക്ഷണ പ്രിയരായ വലിയ കുടുംബത്തിന്റെ പാചകക്കുറിപ്പുകളും ഓര്‍മകളും വിര്‍സയിലുണ്ട്. മികച്ച പാചകക്കാരി കൂടിയായ ഷഹര്‍ബാനു റിസ്‌വിയുടെ മാതാവിനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. കാന്‍സര്‍ ബാധിച്ച് പിതാവ് മരിച്ചതിന് ശേഷം താനും സഹോദരങ്ങളും ചേര്‍ന്ന് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി അമ്മയുടെ ജീവിതകാലത്ത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുകയും അതാണ് ഈ പുസ്തകത്തിലൂടെ നിര്‍വഹിക്കുന്നതെന്നും ഷഹര്‍ബാനു പറയുന്നു.

നേത്രരോഗ വിദഗ്ധനും മനുഷ്യസ്‌നേഹിയുമായ പിതാവിന്റെ സ്മരണയ്ക്കാണ് പാകിസ്താനിലെ എല്‍ ആര്‍ ബി ടി സൗജന്യ കണ്ണാശുപത്രിക്ക് പുസ്തക വില്‍പ്പനയുടെ ലാഭം മുഴുവന്‍ സംഭാവന ചെയ്തത്. പുസ്തകത്തിന്റെ വില്‍പ്പനയില്‍ നിന്നും എന്‍ഡോവ്‌മെന്റ് ഫണ്ട് സ്വരൂപിക്കുകയും അതുപയോഗിച്ച് പ്രതിവര്‍ഷം 100 തിമിര ശസ്ത്രക്രിയകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.
രക്ഷിതാക്കളോടൊപ്പമുള്ള വീട്ടില്‍ നിന്ന് മാറുന്നതിന് മുമ്പ് താനൊരിക്കലും പാചകത്തില്‍ താത്പര്യം കാണിച്ചില്ലെങ്കിലും കുടുംബ പാചകക്കുറിപ്പുകള്‍ തന്നെ ഒരിക്കലും പരാജയപ്പെടുത്തിയിട്ടില്ലെന്ന് ഷഹര്‍ബാനു അവകാശപ്പെടുന്നു. പാചകക്കുറിപ്പ് വിഭാഗങ്ങള്‍ വളരെ ജനപ്രിയമായതിനാല്‍ വിജയകരമായ ഒരു ബ്ലോഗ് പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍ അനുഭവങ്ങളില്ലാതെ തന്നെ തനിക്ക് അടുക്കളയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ലളിതവും സൂക്ഷ്മവുമായി തയ്യാറാക്കാനായെന്ന് അവര്‍ പറയുന്നു.

തന്നെപ്പോലൊരു തുടക്കക്കാരിയുടെ വിജയത്തിന്റെ രഹസ്യം തന്റെ അമ്മയുടെ പൂര്‍വ്വ പാചകക്കുറിപ്പുകള്‍ പുസ്തകത്തിലേക്ക് പകര്‍ത്തിയതായിരുന്നുവെന്നും 18 വര്‍ഷമായിട്ടും പ്രസ്തുത പുസ്തകമില്ലാതെ തനിക്ക് പാചകം ചെയ്യാനാവില്ലെന്നും ഷഹര്‍ബാനു റിസ്‌വി പറയുന്നു. താന്‍ കുറിപ്പെടുത്തുവെച്ച പുസ്തകമെങ്ങാന്‍ നഷ്ടപ്പെട്ടുപോയാല്‍ തന്റെ പാചകം പൂര്‍ണമായും ഇല്ലാതാകുമെന്നും അവര്‍ പറയുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് അമ്മയുടെ പാചകക്കുറിപ്പുകള്‍ സമാഹരിക്കാന്‍ തയ്യാറായത്. തുടക്കക്കാര്‍ക്ക് ഉള്‍പ്പെടെ സഹായകരമായ രീതിയിലാണ് പുസ്തകം തയ്യാറാക്കിയതെന്നും അവര്‍ പറയുന്നു.

ഇന്ത്യയിലെ ആഗ്രയിലാണ് ഷഹര്‍ബാനുവിന്റെ പൂര്‍വ്വികര്‍. ഇന്ത്യാ- പാക് വിഭജനത്തോടെ പാകിസ്താനിലെ കറാച്ചിയിലേക്ക് കുടിയേറിയ അമ്മയുടെ മുത്തച്ഛന്‍ സയ്യിദ് ഹൈദര്‍ റാസ റിസ്‌വിയിലൂടെയാണ് കുടുംബം പാകിസ്താനിലെത്തിയത്. സയ്യിദ് ഹൈദര്‍ റാസ റിസ്‌വിയുടെ മുത്തച്ഛന്‍ മിര്‍ സമീന്‍ അലി റിസ്‌വിയുടെ ശവകുടീരം ഇപ്പോഴും ആഗ്രയിലെ ഷാഗഞ്ച് പ്രദേശത്തുണ്ടെന്ന് അവര്‍ പറയുന്നു.
കുടുംബ പാചക രഹസ്യങ്ങളെല്ലാം ആഗ്രയില്‍ നിന്ന് കറാച്ചിയിലേക്കും അതിനപ്പുറത്തേക്കും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍- പാകിസ്താനി ഭക്ഷണങ്ങളോടും രുചിക്കൂട്ടുകളോടും താത്പര്യമുള്ള ആര്‍ക്കും തന്റെ പാചകക്കുറിപ്പുകള്‍ ആസ്വദിക്കാനാവുമെന്നും ഷഹര്‍ബാനു റിസ്‌വി പറയുന്നു.
2004 മുതല്‍ ഖത്തറിലുള്ള ഷഹര്‍ബാനു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും സര്‍ട്ടിഫൈഡ് പ്രൊജക്ട് മാനേജ്‌മെന്റ് പ്രൊഫഷണലുമാണ്. വിവാഹാനന്തരം ഗര്‍ഭിണിയായതോടെ തന്റെ ബാങ്കിംഗ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഈ യുവസുന്ദരിക്ക് മൂന്ന് കുട്ടികളുണ്ട്.
തന്നെ സ്വയം തിരിച്ചു പിടിക്കാനാണ് ഷഹര്‍ബാനു ബ്ലോഗറും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും പ്രാസംഗികയുമൊക്കെയായത്. തന്റെ കുട്ടികളെ വളര്‍ത്തുന്നതോടൊപ്പം തന്റെ വ്യത്യസ്തമായ കഴിവുകള്‍ കൂടി പരിപോഷിപ്പിക്കുന്ന ഷഹര്‍ബാനു റിസ്‌വി തന്റെ ബ്ലോഗായ ഡയറി ഓഫ് എ പി എം പി മോം വഴിയാണ് തന്റെ ആഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. സമൂഹത്തെ സ്വാധീനിക്കുന്ന 30 വ്യക്തികളിലൊരാളായി 2019ല്‍ ഖത്തറിലെ പാകിസ്താനി സമൂഹം ഷഹര്‍ബാനു റിസ്‌വിയെ തെരഞ്ഞെടുത്തിരുന്നു.
ഷഹര്‍ബാനു റിസ്‌വിയുടെ പുസ്തകം വിര്‍സ ഖത്തറിലെ അലിഫ് സ്റ്റോര്‍, ആമസോണ്‍, virsacookbook.com എന്നിവയില്‍ ലഭ്യമാണ്.

