Featured
ഖത്തറിലേക്ക് താത്പര്യം വര്‍ധിച്ച് വിനോദസഞ്ചാരികള്‍
ദോഹ: ലോകകപ്പിന് ശേഷം ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന. രാജ്യത്തിന്റെ സൗന്ദര്യവും സാംസ്‌കാരിക പൈതൃകങ്ങളും അറിയാന്‍ വിനോദ സഞ്ചാരികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. സൂഖ് വാഖിഫ്, മുശൈരിബ്, കോര്‍ണിഷ്, ദി പേള്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും മാളുകളും അതിഥികളെ സ്വാഗതം ചെയ്യാന്‍ അറേബ്യന്‍ വിഭവങ്ങളും രാജ്യത്തിന്റെ പാചക വിശേഷങ്ങളും ശാന്തമായ അന്തരീക്ഷത്തില്‍ ഒരുക്കിയിരുന്നു.
വാസ്തുവിദ്യാ വിസ്മയങ്ങളും പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ മധ്യപൗരസ്ത്യ ദേശത്ത് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. ലോക ഭൂപടത്തില്‍ യാത്രയും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തറുമുണ്ട്.
സൂഖ് വാഖിഫില്‍ സന്ദര്‍ശകര്‍ തിരക്കു കൂട്ടുന്നത് യാത്രയുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്ന എന്തെങ്കിലും വാങ്ങാനാണ്. പരമ്പരാഗത വസ്ത്രങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരകൗശല വസ്തുക്കള്‍, സുവനീറുകള്‍, ലോകപ്രശസ്ത റെസ്റ്റോറന്റുകള്‍, ഷിഷ ലോഞ്ചുകള്‍ എന്നിവയ്ക്ക് ഏറെ പേരുകേട്ടതാണ് സൂഖ് വാഖിഫ്.
ഖത്തറിന്റെ ടൂറിസം, ആതിഥ്യ മേഖലയ്ക്ക് ഫിഫ ലോകകപ്പ് വലിയ വലിയ വളര്‍ച്ചാ അവസരങ്ങളാണ് നല്‍കിയത്. ലോകകപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് ഖത്തറിന്റെ മനോഹാരിത കാണാന്‍ കൂടുതല്‍ പേര്‍ താത്പര്യം കാണിച്ചത്. കോവിഡ് കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രൂയിസ് കപ്പലുകളുടെ വരവില്‍ വര്‍ധനയുണ്ടായതായി ദോഹ ബസ് ജനറല്‍ മാനേജര്‍ താരീഖ് അമോറയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തിരുന്നു.