Connect with us

Featured

അണ്ടര്‍ 20 ഏഷ്യന്‍ കപ്പ്; ജോര്‍ദാനെതിരെ ഖത്തറിന് ജയം

Published

on


ദോഹ: അണ്ടര്‍ 20 ഏഷ്യന്‍ കപ്പില്‍ ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനം നേടി. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ മികച്ച പ്രകടനത്തോടെയാണ് ഖത്തര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

സിംഗപ്പൂരിനെയും ഹോങ്കോങ്ങിനെയും തോല്‍പ്പിച്ച ഖത്തര്‍ ഒമ്പത് പോയിന്റുമായി ക്വാളിഫയറില്‍ ഗ്രൂപ്പ് ജേതാക്കളായി. ഖത്തറിനെതിരെ പരാജയപ്പെട്ടുവെങ്കിലും ജോര്‍ദാന്‍ രണ്ടാം സ്ഥാനക്കാരായ മികച്ച അഞ്ച് ടീമുകളിലൊന്നായി ഫൈനലില്‍ പ്രവേശിച്ചു.

കളിയുടെ അഞ്ചാം മിനിറ്റില്‍ മുഹമ്മദ് ഖാലിദ് ഗൗഡയിലൂടെ മുന്നിലെത്തിയ ഖത്തറിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. എന്നാല്‍ 39-ാം മിനിറ്റില്‍ ഒഡെ ബുര്‍ഹാന്‍ ഫഖൗറി ജോര്‍ദാനെ സമനിലയിലെത്തിച്ചു.

മുന്നേറ്റം ഉറപ്പിക്കാന്‍ വിജയം അനിവാര്യമായിരുന്ന ഖത്തര്‍ രണ്ടാം പകുതിയില്‍ ആക്രമണോത്സുകത പ്രകടമാക്കുകയും 51-ാം മിനിറ്റില്‍ ബാസം അദേല്‍ ഈദിന്റെ സ്ട്രൈക്കിലൂടെ ഗോള്‍ നേടുകയും ചെയ്തു.

അഞ്ച് മിനിറ്റിന് ശേഷം ക്യാപ്റ്റന്‍ ഇബ്രാഹിം മുഹമ്മദലി 3-1ലേക്ക് ഖത്തറിനെ ഉയര്‍ത്തിയെങ്കിലും 69-ാം മിനിറ്റില്‍ ഈദിന്റെ സെല്‍ഫ് ഗോള്‍ ജോര്‍ദാന് നേട്ടമായി.

അതേസമയം, ഗ്രാന്‍ഡ് ഹമദ് സ്റ്റേഡിയത്തില്‍ സിംഗപ്പൂരിനെ 2-0ന് തോല്‍പ്പിച്ച് ഹോങ്കോംഗ് മൂന്നാം സ്ഥാനത്തെത്തി.


error: Content is protected !!