

വാഷിങ്ടണ്‍: സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സാഇദ് അല്‍ നഹ്യാനുമായും ഫോണില്‍ ബന്ധപ്പെടാനുള്ള വൈറ്റ്ഹൗസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഇരു നേതാക്കളുമായും യു എസ് പ്രസിഡന്റ് ജോ ബൈഡന് സംസാരിക്കുന്നതിന് അവസരമൊരുക്കാനുള്ള വൈറ്റ്ഹൗസ് ശ്രമങ്ങളാണ് പരാജയപ്പെട്ടത്.

കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിച്ച് നിര്‍ത്താനും യുക്രെയ്‌ന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നല്‍കാനും ഉദ്ദേശിച്ചായിരുന്നു വൈറ്റ് ഹൗസ് സൗദി, യു എ ഇ ഭരണാധികാരികളുമായി ടെലിഫോണ്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ പ്രസിഡന്റുമായി ഈ വിഷയത്തില്‍ സംസാരിക്കുന്നതിനുള്ള യു എസിന്റെ അഭ്യര്‍ഥന സൗദിയുടെയും അബുദാബിയുടെയും നേതാക്കള്‍ നിരസിക്കുകയായിരുന്നുവെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

റഷ്യയില്‍ നിന്നുള്ള എണ്ണക്കും മറ്റ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എണ്ണ ഉല്‍പാദകരില്‍ പ്രമുഖരായ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള നീക്കമാണ് യു എസ് നടത്തുന്നത്. സൗദിയും യു എ ഇയുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍.
റഷ്യയില്‍ നിന്നുള്ള എണ്ണ വരവിന് ഉപരോധം ഏര്‍പ്പെടുത്തിയതോടെ സൗദിയും യു എ ഇയും എണ്ണ ഉത്പാദനം വര്‍ധിപ്പിച്ച് അമേരിക്കയുടെ ക്രൂഡ് ഓയില്‍ മാര്‍ക്കറ്റിനെ സഹായിക്കണമെന്ന ആവശ്യമാണ് യു എസ് ഉന്നയിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഉത്പാദനത്തേക്കാള്‍ കൂടുതല്‍ എണ്ണ പമ്പ് ചെയ്യുന്ന കാര്യം യു എ ഇയും സൗദിയും വിസമ്മതിക്കുകയായിരുന്നു. ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ നിലവിലുള്ള ഉത്പാദന പദ്ധതിയില്‍ ഉറച്ചു നില്‍ക്കാനാണ് സൗദിയും യു എ ഇയും തീരുമാനിച്ചിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന് നയങ്ങളെ സൗദിയിലെയും യു എ ഇയിലേയും അധികൃതര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് യു എസുമായുള്ള ടെലിഫോണ്‍ സംഭാഷണവും നിരസിച്ചിരിക്കുന്നത്.
യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണങ്ങളോടുള്ള യു എസിന്റെ പ്രതികരണവും ഇറാനുമായുള്ള ആണവക്കരാറുകള്‍ പുതുക്കുന്നതും യു എ ഇയേയും സൗദിയേയും ചൊടിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ജോ ബൈഡനുമായി സംസാരിക്കാന്‍ കൂട്ടാക്കാതിരുന്ന യു എ ഇ, സൗദി ഭരണാധികാരികള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കഴിഞ്ഞ ആഴ്ച സംസാരിച്ചിരുന്നു.

