ശൈത്യമെത്തുന്നു; വാക്‌സിനേഷന്‍ ബോധവത്ക്കരണം ശക്തമാക്കി

Web Desk
4 Min Read

ദോഹ: ശൈത്യകാലം അടുത്തതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യമേറി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ (പി എച്ച് സി സി) ശക്തമാക്കി.

city exchange

കുട്ടിക്കാലത്ത് മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വാക്‌സിനേഷന്‍ അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, രോഗസങ്കീര്‍ണതകള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസൃതമായ പ്രതിരോധ കുത്തിവെപ്പുകള്‍ ആവശ്യമാണ്.

ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമായി പതിവ് വാക്‌സിനേഷനുകള്‍, കാലാനുസൃത പ്രതിരോധ കുത്തിവെപ്പുകള്‍, യാത്രക്കാര്‍ക്കും ഹജ്ജ്- ഉംറ തീര്‍ഥാടകര്‍ക്കുമുള്ള വാക്‌സിനേഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര സേവനങ്ങളാണ് പി എച്ച് സി സി നല്‍കുന്നത്.

വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും അവബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത പി എച്ച് സി സി പ്രതിരോധ ആരോഗ്യ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ മുദഹ്ക ചൂണ്ടിക്കാട്ടി. വിവിധ പ്രായവിഭാഗങ്ങളെ ലക്ഷ്യമിട്ട് ബോധവത്ക്കരണ കാമ്പയിനുകളും വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ വാക്‌സിനേഷനെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് പ്രതിരോധ ആരോഗ്യ വിഭാഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

വാക്‌സിനേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വാക്‌സിനുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണ വളര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം പി എച്ച് സി സി ആരോഗ്യ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ അവാദ് വിശദീകരിച്ചു. പതിവ് പ്രതിരോധ കുത്തിവെപ്പുകള്‍ക്കും സീസണല്‍ വാക്‌സിനേഷനുകള്‍ക്കും പുറമെ യാത്രക്കാര്‍ക്കും ഹജ്ജ്- ഉംറ തീര്‍ഥാടകര്‍ക്കും ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകളും കോര്‍പറേഷന്റെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

മീസില്‍സ്, മംപ്‌സ്, റുബെല്ല (എം എം ആര്‍), ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ്, പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, സീസണല്‍ ഇന്‍ഫ്‌ളുവന്‍സ, ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച് പി വി), ന്യൂമോകോക്കല്‍ രോഗങ്ങള്‍, കോവിഡ്-19, റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ് (ആര്‍ എസ് വി), മെനിംഗോകോക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരായ വാക്‌സിനുകള്‍ പ്രതിരോധ കുത്തിവെപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുന്നതായി ഡോ. അല്‍ അവാദ് പറഞ്ഞു.

കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് പട്ടികയില്‍ ക്ഷയരോഗം, വൈറല്‍ ഹെപ്പറ്റൈറ്റിസ്, പോളിയോ, റോട്ടവൈറസ് അണുബാധ, ന്യൂമോകോക്കല്‍ രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മീസില്‍സ്, റുബെല്ല, മംപ്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകള്‍ ഉള്‍പ്പെടുന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമായി മറ്റ് വാക്‌സിനുകളും കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്.

നിശ്ചിത സമയത്ത് ഏതെങ്കിലും വാക്‌സിന്‍ ഡോസ് എടുക്കാന്‍ കഴിയാതെ വന്നാല്‍ കുട്ടിയുടെ പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ പൂര്‍ണമായി ഉപേക്ഷിക്കരുതെന്ന് ഡോ. അല്‍ അവാദ് മാതാപിതാക്കളെ ഓര്‍മിപ്പിച്ചു. കുട്ടിയുടെ പ്രായവും മുമ്പ് സ്വീകരിച്ച വാക്‌സിനുകളും കണക്കിലെടുത്ത് ശേഷിക്കുന്ന ഡോസുകള്‍ നല്‍കുന്നതിനായി പ്രത്യേക സമയക്രമം തയ്യാറാക്കാന്‍ കഴിയും. ഇതിലൂടെ ഉചിതമായ രീതിയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കാം.

ശ്വാസകോശ സംബന്ധമായ വൈറസ് രോഗങ്ങള്‍ വ്യാപിക്കുന്ന കാലയളവില്‍ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാര്‍ഗങ്ങളിലൊന്നാണ്. ആറുമാസം പ്രായം പൂര്‍ത്തിയായ എല്ലാവരും വര്‍ഷംതോറും ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് പി എച്ച് സി സിയുടെ ബോധവത്ക്കരണ നിര്‍ദേശം. രോഗസങ്കീര്‍ണതകള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ചെറിയ കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വകഭേദങ്ങള്‍ ഓരോ സീസണിലും മാറുന്നതിനാല്‍ വര്‍ഷംതോറുമുള്ള വാക്‌സിനേഷന്‍ പ്രധാനമാണ്. രോഗബാധയുണ്ടായാല്‍ അതിന്റെ തീവ്രത കുറയ്ക്കാനും സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത നിയന്ത്രിക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറയ്ക്കാനും വാക്‌സിനേഷന്‍ സഹായകമാകും.

പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും കോര്‍പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്. ഖത്തറിലെ പി എച്ച് സി സി ആരോഗ്യകേന്ദ്രങ്ങളില്‍ സീസണല്‍ ഫ്‌ളൂ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണെന്ന് കോര്‍പറേഷന്റെ ബോധവത്ക്കരണ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ശിശുക്കള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളെയും പരിഗണിച്ചുള്ള പ്രതിരോധ സമീപനമാണ് പി എച്ച് സി സി പിന്തുടരുന്നത്. കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, അര്‍ഹരായ മറ്റ് വിഭാഗങ്ങള്‍, ഗുരുതര രോഗസങ്കീര്‍ണതകള്‍ക്ക് സാധ്യതയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ആവശ്യാനുസൃതമായ പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കുട്ടിക്കാലത്തെ വാക്‌സിനേഷനുകള്‍ പൂര്‍ത്തിയാകുന്നതോടെ പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകത അവസാനിക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യമായ വാക്‌സിനുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയും ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും വേണം.

ഫ്‌ളൂ സീസണ്‍ അടുത്തെത്തുന്ന സാഹചര്യത്തില്‍ വാര്‍ഷിക ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍ സ്വീകരിക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വ്യക്തികളെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനൊപ്പം പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനും സമൂഹത്തിന്റെ പൊതുജനാരോഗ്യം സംരക്ഷിക്കാനുമുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് വാക്‌സിനേഷന്‍.

പ്രായഭേദമന്യേ വാക്‌സിനേഷന്‍ ആരോഗ്യസംരക്ഷണത്തിന്റെ ഉത്തരവാദിത്വമാണെന്നതാണ് പ്രധാന സന്ദേശം. കുട്ടികള്‍ നിര്‍ദേശിച്ച പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി പൂര്‍ത്തിയാക്കണം. മുതിര്‍ന്നവര്‍ തങ്ങളുടെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ വാക്‌സിനുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കണം. വയോജനങ്ങളും ദീര്‍ഘകാല രോഗങ്ങളുള്ളവരും ഗുരുതരമായ രോഗസങ്കീര്‍ണതകള്‍ തടയുന്നതിനായി പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!