

ദോഹ: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമകാലിക നിലപാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തിരിഞ്ഞു കൊത്തുമ്പോള്‍ ധൈഷണിക മേഖലയില്‍ യുവകരുത്ത് വര്‍ധിപ്പക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് തയ്യാറെടുക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ ആറുമാസമായി അക്കദമിയ എന്ന പേരില്‍ പഞ്ചായത്ത് തലത്തില്‍ പഠിതാക്കള്‍ക്കായി ക്ലാസ് നടത്തുന്നുണ്ട്. അതിനു മുന്നോടിയായി വിവിധ വിഷയങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണിനെ കൊണ്ടുവന്ന് കൃത്യമായ പരിശീലനമാണ് നല്‍കിയത്. ജനാധിപത്യം, ഇന്ത്യന്‍ ഭരണഘടന മുസ്‌ലിം ലീഗ് ചരിത്രം, ന്യൂനപക്ഷ രാഷ്ട്രീയം, സംഘാടനം, വ്യക്തിത്വ വികാസം തുടങ്ങിയ മൊഡ്യൂളുകളിലാണ് ക്ലാസുകള്‍ നടന്നത്. പി ഇസ്മാഇലിന്റെ നേതൃത്വത്തിലാണ് അക്കദമിയയ്ക്ക് തുടക്കം കുറിച്ചത്.

കേരളത്തില്‍ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട പരിപാടി അതിന്റെ നിലവാരത്തില്‍ തന്നെയാണ് സംഘടിപ്പിച്ചത്. അതേതുടര്‍ന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
യൂത്ത് ലീഗ് യുവജന പ്രസ്ഥാനം എന്ന നിലയില്‍ സമര രംഗത്ത് മാത്രമല്ല ധൈഷണിക മേഖലയിലും ശ്രദ്ധപതിപ്പിക്കുന്നു എന്നതാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്. പുതിയ കാലത്തെ ഇന്ത്യയില്‍ യുവാക്കളില്‍ ഉണ്ടായിരിക്കേണ്ട രാഷ്ട്രീയ ബോധം ഉണ്ടാക്കിക്കൊടുക്കുകയെന്നത് വലിയ പ്രതിവിധിയാണ്. അതിനുവേണ്ടി ഗൗരവത്തോടെയാണ് വിദഗ്ധരെ വെച്ച് രാഷ്ട്രീയ ബോധവത്ക്കരണവും സാമൂഹ്യ സേവനത്തെ കുറിച്ചുമുള്ള ഗൗരവമായ ഇടപെടലുകള്‍ നടത്തിയത്.
അക്കാദമിയയുടെ രണ്ടാംഘട്ടവും മുന്നോട്ടു പോകും. മാത്രമല്ല, യൂത്ത് ലീഗിന്റെ കാംപയിന്‍ വരാന്‍ പോകുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നേരത്തെ വര്‍ഗ്ഗീയ മുക്ത കേരളം അക്രമരഹിത കേരളം എന്ന പ്രമേയത്തില്‍ യുവജന യാത്ര നടത്തിയതിന്റെ ചുവടുപിടിച്ച് അതേ രീതിയില്‍ അക്രമത്തിനും ഫാഷിസത്തിനും എതിരെയുള്ള ശക്തമായ കാംപയിന്‍ ഒക്ടോബറിലാണ് ആരംഭിക്കുക. ജനുവരിയില്‍ അവസാനിക്കുന്ന തരത്തില്‍ തയ്യാറാക്കിയിട്ടുള്ള കാംപയിന്‍ പഞ്ചായത്ത്, ജില്ലാ തലത്തില്‍ റാലികളും നടത്തും. തുടര്‍ന്ന് എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കും.
മുസ്‌ലിം ലീഗിന്റെ അംഗത്വ കാംപയിനില്‍ ഇരുപത് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതില്‍ വലിയ അളവോളം യുവാക്കളും സ്ത്രീകളുമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മുസ്‌ലിം ലീഗിനെ സ്ത്രീ വിരുദ്ധരെന്നും യുവാക്കള്‍ക്ക് അവസരം കൊടുക്കുന്നവരല്ലെന്നും പറയുന്നതിനുള്ള മറുപടിയാണിത്.
കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ കടപ്പുറത്ത് സ്ത്രീകളുടെ സമ്മേളനത്തില്‍ വന്‍ വനിതാക്കൂട്ടം കണ്ടതാണ്.
വാഫി- വാഫിയ വിഷയത്തിലുള്ള തര്‍ക്കം പരിഹരിച്ചുകൊണ്ടിരിക്കുന്നതായും സമസ്തയും മുസ്‌ലിം ലീഗും തമ്മില്‍ ഒരുപാടു കാലത്തെ ബന്ധമുണ്ട്. സമസ്തയെ എതിര്‍ത്തുകൊണ്ടുള്ള ഒരുതീരുമാനം മുസ്‌ലിം ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും തങ്ങള്‍ പറഞ്ഞു.

