
ദോഹ: യു എ ഇയിലെ അല്‍ ദഫ്റ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവ നിലയത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോണ്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതര ഭീഷണിയുമാണിതെന്ന് ഖത്തര്‍ വ്യക്തമാക്കി.

ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ യു എ ഇക്കെതിരായ ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും സാധാരണ ജനങ്ങളുടെ സൗകര്യങ്ങളെയും ലക്ഷ്യമിട്ട അപകടകരമായ പ്രകോപനമാണെന്ന് ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള ന്യായീകരിക്കാനാകാത്ത ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മേഖലാതലത്തിലും അന്താരാഷ്ട്ര തലത്തിലും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

യു എ ഇയോട് ഖത്തര്‍ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സുപ്രധാന സ്ഥാപനങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാന്‍ യു എ ഇ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
