
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചൊവ്വാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും റാസ് ലഫാനിലെ വ്യാവസായിക കേന്ദ്രത്തില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയായി.

സംഭാഷണത്തിന്റെ തുടക്കത്തില്‍, റാസ് ലഫാനിലെ വ്യാവസായിക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അമീര്‍ ശൈഖ് തമീം അനുശോചനവും സഹതാപവും രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അമീറിന്റെ അനുശോചന സന്ദേശത്തിന് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, പരിക്കേറ്റവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ നല്‍കിയ ചികിത്സാ സഹായത്തെയും സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട ബന്ധപ്പെട്ട അധികൃതരുടെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളോട് ഇരുനേതാക്കളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദ ബന്ധവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ടെലിഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ചയായി.

