

കോഴിക്കോട് നിന്ന് ദോഹയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ യഥാസമയം പുറപ്പെടാതിരിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളുടെ ദോഹ സര്‍വ്വീസ് ഏറെക്കുറെ പരാതികള്‍ക്കിടയില്ലാത്ത വിധമായിരുന്നുവെങ്കിലും ഏതാനും ദിനങ്ങളായി യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുകയാണ്.

ഏപ്രില്‍ മൂന്നിന് കോഴിക്കോട് നിന്ന് ഉച്ചക്ക് 12 മണിക്ക് പുറപ്പെടേണ്ട വിമാനം കാലത്ത് ആറ് മണിക്ക് പുറപ്പെട്ടത് മൂലം നിരവധി പേര്‍ക്കാണ് യാത്ര മുടങ്ങിയത്. യാത്രക്കാര്‍ക്ക് ഇ-മെയില്‍ ചെയ്തുവെന്നാണ് എയര്‍ലൈന്‍ വിശദീകരണമെങ്കിലും ഇത് പ്രായോഗികമായി ഏറെ പ്രയാസമുള്ളതാണ്. ഇന്നത്തെ സാഹചര്യത്തില്‍ യാത്രക്കാരെ ഫോണ്‍ വിളിച്ചോ ടെക്സ്റ്റ് മെസ്സേജ് ചെയ്‌തോ അറിയിക്കാന്‍ സാധിച്ചില്ലെന്നത് കസ്റ്റമര്‍ കെയര്‍ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ തെളിവാണ്.

സാങ്കേതികമായ കാരണങ്ങള്‍ നിരത്തി നിയമപരമായ നടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്നതിനപ്പുറം നല്ല സേവനം മാനേജ്‌മെന്റ്് കൈമാറ്റം നടന്നിട്ടും നടപ്പിലാക്കാന്‍ കഴിയാത്തത് പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നത് തന്നെയാണ്.
ഏപ്രില്‍ ഏഴിന് വൈകിട്ട് എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ ചൂണ്ടിക്കാണിച്ച് അനിശ്ചിതമായി വൈകി, ഏപ്രില്‍ എട്ടിന് 18 മണിക്കൂര്‍ വൈകിയാണ് യാത്ര പുറപ്പെട്ടത്. ഖത്തറില്‍ വെച്ച് മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം അടക്കം യാത്ര ചെയ്യേണ്ടതായിരുന്നു.
ഏറെ വൈകി യാത്രക്കാര്‍ക്ക് വെറും ലഘുഭക്ഷണം മാത്രം നല്‍കിയത് നോമ്പ് സമയത്ത് എത്ര പ്രയാസമാണ് ഉണ്ടാക്കിയത്. അതിനും പുറമെ യാത്രക്കാര്‍ക്ക് വിശദീകരണം നല്‍കാന്‍ പോലും എയര്‍ ഇന്ത്യാ എക്്‌സ്പ്രസ് പ്രതിനിധികള്‍ തയ്യാറാവാത്തതും മോശം കസ്റ്റമര്‍ കെയറിന്റെ മകുടോദാഹരണം തന്നെ.
ഇന്നും വിമാനം വൈകുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകിയ യാത്രക്കാരെ കയറ്റിയാണ് ഇന്നത്തെ വിമാനം പുറപ്പെടുന്നതായാണ് വിവരം. ഈ വിഷയത്തില്‍ പ്രവാസി സംഘടനകളും കമ്മ്യൂണിറ്റി നേതൃത്വങ്ങളും കൃത്യമായി ഇടപെടേണ്ടതുണ്ട്.
യാത്രക്കാര്‍ ചെയ്യേണ്ടത്
ദുരിതമനുഭവിക്കുന്ന യാത്രക്കാര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരങ്ങള്‍ക്കോ മറ്റു സൗകര്യങ്ങള്‍ ലഭ്യമാവാനോ കൃത്യമായി പരാതി സമര്‍പ്പിക്കണം. പക്ഷെ, ഈ കാര്യം ചെയ്യാന്‍ പലരും വിമുഖത കാണിക്കുന്നത് അനുഭവിക്കുന്ന ദുരിതങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഏറ്റുന്നുവെന്നതാണ് വസ്തുത.
സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയും ചര്‍ച്ചയും ആക്കുന്നതോടൊപ്പം കൃത്യമായ പരാതി സമര്‍പ്പിക്കുകയാണ് അഭികാമ്യം.

