

ദോഹ: വിമാന യാത്രാക്കൂലി കുറക്കുന്ന കാര്യത്തില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) തീരുമാനം. ഇതേതുടര്‍ന്ന് സംഘടനയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ റഊഫ് കൊണ്ടോട്ടി മുഖേന കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

അഡ്വ. അലക്‌സ് കെ ജോണാണ് ഗപാഖിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക. കേസില്‍ ഷാര്‍ജയിലെ വ്യവസായി സജി ചെറിയാനും ദിനേഷ് ചന്ദനയും കക്ഷി ചേര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിവിധ വിമാന കമ്പനികള്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. അമിത വിമാന നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഗപാഖ് നിരവധി തവണ കേന്ദ്രത്തിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനങ്ങള്‍ അയക്കുകയും നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടും ഫലമില്ലാതായപ്പോഴാണ് അവസാന ശ്രമമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.
വിമാന ടിക്കറ്റ് നിരക്ക് അമിതമായതിനെ തുടര്‍ന്ന് പ്രവാസികളില്‍ പലര്‍ക്കും നാട്ടിലേക്ക് പോകുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. എല്ലാ പ്രവാസി സംഘടനകളും ഈ വിഷയത്തില്‍ ഗപാഖിനോടൊപ്പം സഹകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

