

ദോഹ: രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌ക്കാരം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്. പാരിസിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നടന്ന എക്‌സ്‌പോയില്‍ പുരസ്‌ക്കാരം വിതരണം ചെയ്തു.

മികച്ച എയര്‍പോര്‍ട്ട് സ്റ്റാഫ് സര്‍വീസിനും ലോകത്തിലെ മികച്ച എയര്‍പോര്‍ട്ടിലെ ഭക്ഷണശാലയ്ക്കും സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ടും ലോകത്തിലെ ഏറ്റവും മികച്ച ഷോപ്പിംഗിനും ഇസ്താംബൂള്‍ എയര്‍പോര്‍ട്ടും പുരസ്‌ക്കാരത്തിന് അര്‍ഹരായി.

ഏറ്റവും വൃത്തിയുള്ള എയര്‍പോര്‍ട്ടിനുള്ള പുരസ്‌ക്കാരം ടോക്യോ ഹനേദ എയര്‍പോര്‍ട്ട് കരസ്ഥമാക്കി. മികച്ച ആഭ്യന്തര വിമാനത്താവളം, ഏഷ്യയിലെ മികച്ച വിമാനത്താവളം, മികച്ച സൗകര്യങ്ങളുള്ള വിമാനത്താവളം തുടങ്ങിയ പുരസ്‌ക്കാരങ്ങളും ഹനേദ സ്വന്തമാക്കി. ഏറ്റവും വികസിച്ച വിമാനത്താവളത്തിനുള്ള പുരസ്‌ക്കാരം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അര്‍ഹമായി.
ലോകത്തിലെ ഏറ്റവും മികച്ച റീജ്യനല്‍ എയര്‍പോര്‍ട്ടായി നാഗോയയിലെ ചുബു സെന്റയിര്‍ അന്താരാഷ്ട്ര വിമാനത്താവളവും മികച്ച ഇമിഗ്രേഷന്‍ നടപടികള്‍ക്കുള്ള പുരസ്‌ക്കാരം കോപന്‍ഹേഗനും മികച്ച എയര്‍പോര്‍ട്ട് സുരക്ഷാ നടപടികള്‍ക്കുള്ള പുരസ്‌ക്കാരം സൂറിച്ചും കരസ്ഥമാക്കി.

