ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

Web Desk
2 Min Read

ദോഹ: ഗാസ മുനമ്പില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളെയും അന്താരാഷ്ട്ര നിയമലംഘനങ്ങളെയും ശക്തമായി അപലപിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ട് അറബ്- ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ചികിത്സാ അടിസ്ഥാനസൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളും സാധാരണക്കാരുടെ മരണവും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവഹാനിയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

city exchange

ഖത്തറിനു പുറമേ ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെയും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇസ്രയേലിന്റെ ബാധ്യതകളുടെയും വ്യക്തമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫലസ്തീന്‍ വിഭാഗങ്ങള്‍ സമാധാന റോഡ്മാപ്പ് അംഗീകരിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കാനുള്ള അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളെ ഈ നടപടികള്‍ തകര്‍ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയപരമായ പരിഹാര സാധ്യതകള്‍ തകര്‍ക്കുകയും സംഘര്‍ഷം വീണ്ടും രൂക്ഷമാക്കുകയും ഗാസയിലെ മാനുഷിക ദുരന്തം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image

സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ആശുപത്രികളെയും ആരോഗ്യ- മാനുഷിക സേവന രംഗത്തെ ജീവനക്കാരെയും സംരക്ഷിക്കുക, ഗാസയുടെ എല്ലാ ഭാഗങ്ങളിലേക്കും മാനുഷിക സഹായം, മരുന്നുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍ എന്നിവ ഉടന്‍, സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കുക എന്നിവ അന്താരാഷ്ട്ര നിയമപ്രകാരമുള്ള നിര്‍ബന്ധിത ബാധ്യതകളാണെന്നും ഇവ ഒരു സാഹചര്യത്തിലും ലംഘിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസയിലെ ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍, അനധികൃത ജൂത കുടിയേറ്റ വികസനം, അധിനിവേശ കിഴക്കന്‍ ജറുസലേമിന്റെ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുള്ള ഏകപക്ഷീയ നടപടികള്‍ എന്നിവയും ഇതിന്റെ ഭാഗമാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ നിഷേധിക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിത്തറ തകര്‍ക്കുകയും ചെയ്യുന്ന ആസൂത്രിത നയത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നും അവര്‍ ആരോപിച്ചു.

അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍, നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേല്‍ അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മാനുഷിക നിയമവും സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2803-ഉം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗുരുതര നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഇതിലൂടെ സാധാരണക്കാരെ സംരക്ഷിക്കാനും ഗാസ കരാര്‍ പൂര്‍ണമായി നടപ്പാക്കുന്നതിനുള്ള സാഹചര്യം നിലനിര്‍ത്താനും സ്ഥിരം വെടിനിര്‍ത്തല്‍ ഉറപ്പാക്കാനും കഴിയുമെന്ന് അവര്‍ പറഞ്ഞു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനോ അവിടെ ഇസ്രയേല്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാനോ ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കാനോ ഉള്ള ഏതൊരു ശ്രമവും തങ്ങള്‍ ശക്തമായി തള്ളിക്കളയുന്നതായി മന്ത്രിമാര്‍ ആവര്‍ത്തിച്ചു.

1967-ലെ അതിര്‍ത്തി അടിസ്ഥാനമാക്കി കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് നീതിപൂര്‍ണവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള ഏക മാര്‍ഗമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!