
ഖംനേയി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചു; മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെ്ട്ടു
ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവായ അലി ഖംനേയി ശനിയാഴ്ച കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ സ്ഥിരീകരിച്ചു. 86 വയസ്സായിരുന്നു. രാജ്യത്ത് പരമ്പരാഗതമായ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഖംനേയിയുടെ മരണം ‘ലോകത്തിലെ പീഡകരെതിരെ മഹത്തായ ജനപ്രക്ഷോഭത്തിന് തുടക്കമാകുമെന്ന്’ ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഖംനേയി കൊല്ലപ്പെട്ടുവെന്ന് യു എസും ഇസ്രായേലും നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യം ഇറാന്‍ ഇക്കാര്യം പുറത്തുവിട്ടില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

ഖംനേയിക്കു പുറമേ അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകള്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.
റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. പരമോന്നത നേതാവിന്റെ കുടുംബവൃത്തങ്ങളുമായി ബന്ധപ്പെടുകയും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതിന് ശേഷമാണ് മകള്‍, മരുമകന്‍, കൊച്ചുമകള്‍ എന്നിവര്‍ വീരമൃത്യു വരിച്ചതായി സ്ഥിരീകരിക്കുന്നതെന്ന് ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിലെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ സൈനിക നീക്കത്തില്‍ കടലിലും ആകാശത്തുമുള്ള സേനാവിഭാഗങ്ങള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പ്രതികാരമായി ഇറാന്‍ ഇസ്രായേലിനെയും മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
ആക്രമണത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ അഭിനന്ദിച്ചപ്പോള്‍ ഡെമോക്രാറ്റിക് നേതാക്കള്‍ ‘നിയമവിരുദ്ധമായ നടപടി’യെന്ന് വിമര്‍ശിച്ചു. ബോംബാക്രമണം ‘ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരുമെന്ന്’ ട്രംപ് വ്യക്തമാക്കി.

