വിദേശത്തെ ഇന്ത്യന്‍ ആത്മഹത്യകളില്‍ 70 ശതമാനത്തിലേറെയും ഗള്‍ഫ് രാജ്യങ്ങളില്‍; മൂന്ന് വര്‍ഷത്തിനിടെ 1,340 മരണം

Web Desk
3 Min Read

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന 1,340 ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശത്ത് ആത്മഹത്യ ചെയ്ത ഇന്ത്യന്‍ പൗരന്മാരില്‍ 70 ശതമാനത്തിലേറെയും ജി സി സി രാജ്യങ്ങളിലാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച വിവരങ്ങളില്‍ പറയുന്നത്.

city exchange

ലോക്സഭയില്‍ കോണ്‍ഗ്രസ് എം പിമാരായ സത്പാല്‍ ബ്രഹ്മചാരി, ജയ് പ്രകാശ് എന്നിവര്‍ വിദേശത്ത് മരിച്ച ഇന്ത്യന്‍ പൗരന്മാരെക്കുറിച്ചുള്ള അവലോകനം ആവശ്യപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കണക്കുകള്‍ അവതരിപ്പിച്ചത്.

ഏറ്റവും കൂടുതല്‍ ആത്മഹത്യ യു എ ഇയില്‍

2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ വിദേശത്ത് താമസിച്ചിരുന്ന 1,900-ലധികം ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തതായി മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

ഗള്‍ഫ് രാജ്യങ്ങളില്‍ ആത്മഹത്യ ചെയ്തവരില്‍ യു എ ഇയില്‍ 511 പേരും സൗദി അറേബ്യയില്‍ 354 പേരും കുവൈത്തില്‍ 162, ഒമാനില്‍ 146, ബഹ്‌റൈനില്‍ 101, ഖത്തറില്‍ 66 എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗള്‍ഫിന് പുറത്ത് മലേഷ്യയില്‍ 131, അമേരിക്കയില്‍ 62, ഇറ്റലി, കാനഡ, യു കെ എന്നിവിടങ്ങളില്‍ മൂന്നുവര്‍ഷത്തിനിടെ 30-ലധികം ആത്മഹത്യകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിലവില്‍ ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ആത്മഹത്യാ നിരക്ക് ഉയരുന്നതായി സൂചന

2022-ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2022 വരെ വിദേശത്ത് 4,005 ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം വാര്‍ഷിക ശരാശരി ആത്മഹത്യാ നിരക്ക് വര്‍ധിച്ചതായാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വര്‍ധനവിന് പ്രത്യേക കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി പ്രവാസി ഭാരതീയ ബീമ യോജന (പി ബി ബി വൈ) ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

എമിഗ്രേഷന്‍ ചെക്ക് റിക്വയര്‍ഡ് (ഇ സി ആര്‍) വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കായി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയായ പി ബി ബി വൈ പ്രകാരം അപകടമരണം അല്ലെങ്കില്‍ സ്ഥിരം വൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് ഇന്ത്യന്‍ പൗരന്മാര്‍ മരിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍

2023- 25 കാലയളവിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരുടെ മരണത്തിന് പ്രധാന കാരണം സ്വാഭാവിക മരണം തന്നെയാണ്.

സ്വാഭാവിക മരണങ്ങളുടെ എണ്ണം സൗദി അറേബ്യയില്‍ 6376, യു എ ഇയില്‍ 5702, കുവൈത്തില്‍ 1672, ഒമാനില്‍ 1092, ഖത്തറില്‍ 783, ബഹ്‌റൈനില്‍ 703 എന്നിങ്ങനെയാണ്.

നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലുള്ളതിനാല്‍ ജോലിസ്ഥല അപകട മരണങ്ങളും ശ്രദ്ധേയമാണ്.

ജോലിസ്ഥല അപകടങ്ങളില്‍ സൗദി അറേബ്യ- 182, യു എ ഇ- 128, കുവൈത്ത്- 62, ഒമാന്‍- 38, ഖത്തര്‍- 23, ബഹ്‌റൈന്‍- 10 എന്നിങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്.

കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറവ്

ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മരണങ്ങള്‍ താരതമ്യേന കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദി അറേബ്യ- 29, കുവൈത്ത്- 10, ബഹ്‌റൈന്‍- 2 എന്നിങ്ങനെയാണ്. ഒമാനിലും ഖത്തറിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആരും മരിച്ചിട്ടില്ല.

അതേസമയം, ‘മറ്റ് കാരണങ്ങള്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മരണങ്ങള്‍ യു എ ഇയില്‍ 1092, സൗദി അറേബ്യയില്‍ 1040, കുവൈത്തില്‍ 285, ഒമാനില്‍ 222, ഖത്തറില്‍ 102, ബഹ്‌റൈനില്‍ 43 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ സ്വാഭാവിക മരണം, ജോലി സ്ഥല അപകടം, ആത്മഹത്യ, കുറ്റകൃത്യം എന്നിവയ്ക്കു പുറത്തുള്ള മറ്റ് മരണകാരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!