കുവൈത്തിലെ ബുബിയാന്‍ ദ്വീപിലേക്കുള്ള ഐ ആര്‍ ജി സി ആയുധധാരികളുടെ കടന്നുകയറ്റത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: കുവൈത്തിലെ ബുബിയാന്‍ ദ്വീപിലേക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സുമായി ബന്ധമുള്ള ആയുധധാരികള്‍ അതിക്രമിച്ച് കയറി ആക്രമണശ്രമം നടത്തിയ സംഭവത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. കുവൈത്ത് സായുധസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സംഘത്തെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

city exchange

സംഭവത്തില്‍ കുവൈത്ത് സൈന്യത്തിലെ ഒരു അംഗത്തിന് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഈ നടപടി കുവൈത്തിന്റെ പരമാധികാരത്തിനെതിരായ തുറന്ന ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ അപകടകരമായ നീക്കവുമാണെന്ന് വ്യക്തമാക്കി.

കുവൈത്തിന്റെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. സംഭവത്തെ കാര്യക്ഷമമായി നേരിട്ട കുവൈത്ത് സുരക്ഷാസേനയുടെ ജാഗ്രതയെയും ഇടപെടലിനെയും ഖത്തര്‍ അഭിനന്ദിച്ചു.

- Advertisement -
Ad image

അയല്‍രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ന്യായീകരിക്കാനാവാത്ത ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനവും പ്രാദേശിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പരിക്കേറ്റ സൈനികന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ഖത്തര്‍, കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സമാധാനവും സുരക്ഷയും നിലനില്‍ക്കട്ടെയെന്നും പ്രാര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!