
ദോഹ: മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളും സംബന്ധിച്ച് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹും ചര്‍ച്ച നടത്തി. ഇരുവരും ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് വിവിധ വിഷയങ്ങള്‍ വിലയിരുത്തിയത്.

ഖത്തറും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിഷയമായി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനം എന്നിവയും ഇരുവരും വിലയിരുത്തി. മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ പ്രാധാന്യവും ചര്‍ച്ച ചെയ്തു.

സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരം കണ്ടെത്തുന്നതിനും മേഖലയ്ക്ക് സുസ്ഥിര സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ കരാറിലേക്ക് വഴിയൊരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിന് നയതന്ത്ര ചര്‍ച്ചകളും സംയുക്ത ശ്രമങ്ങളും തുടരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

