ബഹറൈന്‍ വിനോദ സഞ്ചാരത്തിലേക്ക് ദേശീയ ദിനത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍

Web Desk
4 Min Read

ടൂറിസം- വിനോദ സഞ്ചാര രംഗത്ത് സ്വീകാര്യമായ ബഹറൈന്‍- ഖത്തര്‍ ഫെറി സര്‍വീസ് തുടങ്ങിയതു സഞ്ചാരികളെ സംബന്ധിച്ച് പരക്കെ സ്വാഗതം ചെയ്യുന്ന ചടുല നീക്കമായാണ് പൊതുവില്‍ വിലയിരുത്തുന്നത്. അതുപോലെ തന്നെ ഈ വര്‍ഷത്തെ കപ്പല്‍ സീസണ്‍ ആരംഭിച്ചത് നിരവധി വിനോദ സഞ്ചാരികളെയും സ്വീകരിക്കാന്‍ ആവേശപൂര്‍വം ബഹറൈന്‍ തയ്യാറെടുത്തു കഴിഞ്ഞു എന്നതും ആശാവഹമായ പുരോഗതിയാണ് കാണിക്കുന്നത്.

city exchange

അടുത്തവര്‍ഷം കപ്പല്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ബഹറൈനില്‍ എത്തുന്ന വിനോദ സഞ്ചാര കപ്പലുകള്‍ സന്ദര്‍ശിക്കാനും ക്രമീകരണം ചെയ്താല്‍ ടൂറിസം രംഗത്ത് ഒരു മുതല്‍ക്കൂട്ടാണ്. സഞ്ചാരികള്‍ക്ക് ബഹറൈനില്‍ നിന്നും നേരിട്ട് കപ്പല്‍ യാത്രക്ക് വാതില്‍ തുറന്ന് കൊടുത്താല്‍ ടൂറിസം രംഗത്ത് ഇനിയും ഏറെ മുന്നേറാന്‍ കഴിയും.

അടുത്ത വര്‍ഷം ജി സി സി ഏകീകൃത വിസ നിലവില്‍ വരുമ്പോള്‍ ബഹറൈനില്‍ നിന്ന് നേരിട്ട് വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഗള്‍ഫ് രാജ്യങ്ങള്‍ ചുറ്റിയുള്ള കപ്പല്‍ യാത്ര
ആസ്വദിക്കുവാന്‍ ഒരു സുവര്‍ണ്ണ അവസരം ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചാല്‍ ഗള്‍ഫ് മേഖലയിലെ ശ്രദ്ധേയമായ ചുവടുവെപ്പ് ആയിരിക്കും. സല്‍മാന്‍ പോര്‍ട്ടില്‍ നിലവിലുള്ള ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ബഹറൈനില്‍ സന്ദര്‍ശകര്‍ക്കു കപ്പല്‍ സന്ദര്‍ശനവും സഞ്ചാരികള്‍ക്കു കപ്പല്‍ യാത്രയും വിദൂരമല്ല.

നിലവില്‍ ബഹറൈന്‍- ഖത്തര്‍ ഫെറി സര്‍വീസ് ആരംഭിച്ചത് സ്വീകാര്യമായതു പോലെ മറ്റ് സ്ഥലങ്ങളിലേക്കും കണക്ഷന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ടൂറിസത്തെ രാജ്യാതിര്‍ത്തി വ്യത്യാസമില്ലാതെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കും.
ബോട്ട് സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന് നിലവിലുള്ള ബോട്ട് ജെട്ടികള്‍ തമ്മില്‍ ഒരു കണക്ടഡ് സര്‍വീസ് ഏര്‍പ്പെടുത്തുന്നതും ടൂറിസം പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമാണ്.
ഗതാഗത രംഗത്ത് ജലഗതാഗതത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് റോഡുകളിലെ ഗണ്യമായ തിരക്ക് കുറയ്ക്കുന്നതിനും യാത്ര സമയം ലാഭിക്കുന്നതിനും സഞ്ചാരികള്‍ക്ക് കൂടുതല്‍ സമയം ഷോപ്പിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സാധിക്കുന്നു എന്നത്
ടൂറിസത്തിനും അനുകൂലമാണ്.

- Advertisement -
Ad image

മുന്‍പ് ഒരു തവണ സീസണ്‍ സമയത്ത് ബഹറൈല്‍ എത്തിയ കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സഞ്ചാരികള്‍ക്ക് കപ്പല്‍ കാണാനും യാത്ര ചെയ്യാനും ബഹറൈനില്‍ സൗകര്യം ഒരുക്കിയാല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാകും എന്ന നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.

അതുപോലെ അല്‍ദൂര്‍ ബോട്ട് ജെട്ടിയില്‍ നിന്ന് ഹവാര്‍ ഐലന്‍ഡിലേക്ക് ഒരു മണിക്കൂര്‍ ദൂരം ബോട്ടില്‍ പല തവണ യാത്ര ചെയ്ത സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ബോട്ട് ജെട്ടികള്‍ നിര്‍മ്മിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ ടൂറിസം രംഗത്ത് പ്രാദേശികമായും സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ സാധിക്കും.

പൊതുഗതാഗത്തിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നയം ജലഗതാഗത രംഗത്തും ഏര്‍പ്പെടുത്തുന്നത് റോഡുകളിലെ വര്‍ധിച്ചു വരുന്ന തിരക്കിന് ഒരു പരിഹാരമാകുന്നതും വിനോദ സഞ്ചാരികളെ സംബന്ധിച്ച് ആശ്വാസമാണ്. ബഹറൈനിലെ വിവിധ ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച് പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നതും സാധാരണ സഞ്ചാരികള്‍ക്ക് ടൂറിസം യാത്ര ഒരു പ്രേരണയും പ്രോത്സാഹനവും ആകര്‍ഷകവും ആണ്.

പരമ്പരാഗത കുലത്തൊഴിലുകള്‍ ഒരു കുടക്കീഴില്‍ ക്രമീകരിച്ചിരിക്കുന്ന അല്‍ ജസ്ര ക്രാഫ്റ്റ് വില്ലേജ്, ബാബല്‍ ബഹറിനിലുള്ള കാനു മ്യൂസിയം, ഒപ്പം ബഹറൈന്‍ നാഷണല്‍ മ്യൂസിയം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് സായാഹ്ന ടൂര്‍ സംഘടിപ്പിക്കുന്നതും നടപ്പിലാക്കിയാല്‍ നന്നായിരുന്നു. ടൂറിസം രംഗത്ത് സുസ്ഥിര വികസനത്തിന് സഹായകമായ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്.

കര, ജല വ്യോമ ഗതാഗത മാര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയാല്‍ വിദേശി- സ്വദേശി വ്യത്യാസമില്ലാതെ ബഹ്‌റൈന്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമാകും സമ്മാനിക്കുന്നത്.
ബഹറൈനിലെ വ്യാപാര വാണിജ്യ വ്യവസായിക വിനോദസഞ്ചാര വിപണിയുടെ സമഗ്ര വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ട് തന്നെയാകും ഇത്തരം ഗതാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഏര്‍പ്പെടുത്തിയാല്‍ സഞ്ചാരികളെ വീണ്ടും വീണ്ടും ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലെ ഒരു ആകര്‍ഷണമായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സമാബേ ബീച്ച് സമാനമായ രീതിയില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കടല്‍ക്കാറ്റേറ്റ് സായാഹ്നങ്ങളില്‍ കുടുംബമായി സജീവമാകുന്ന ഇടങ്ങളായി കൂടുതല്‍ സ്ഥലങ്ങളില്‍ ബീച്ചുകളിലെ വികസനം സാധ്യമാക്കുവാന്‍ ശ്രമം നടത്തുന്നത് ടൂറിസം വളര്‍ച്ചയ്ക്ക് ഉപകരിക്കും.

ചെറിയ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ മാര്‍ഗങ്ങള്‍ അല്‍ടൂര്‍, ദൂരത്ത് അല്‍ ബഹറൈന്‍, ഹവാര്‍, സിത്ര, ട്യൂബ്ലി ബേ, മുഹറക്, അംവാജ് തുടങ്ങിയ സ്ഥലങ്ങളില്‍ ജല ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോട്ട് മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നത് വിപുലീകരിച്ച് വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, സിറ്റി സെന്റര്‍, അവന്യു മാള്‍ മുതലായ ആകര്‍ഷകമായ വാണിജ്യ പ്രധാനമായ സ്ഥലങ്ങള്‍ കൂടി കൂട്ടിയിണക്കി യാത്രകള്‍ ക്രമീകരിച്ചാല്‍ സഞ്ചാരികള്‍ക്ക് തിരക്കേറിയ റോഡ് മാര്‍ഗ്ഗം ഒഴിവാക്കി സമയ ലാഭത്തില്‍ ഇത്തരം വിനോദ സഞ്ചാര വാണിജ്യ വ്യാപാര സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ എളുപ്പമാണ്.

റോഡ് മാര്‍ഗ്ഗമുള്ള പൊതുഗതാഗത സംവിധാനം റെഡ് ബസ് പോലെ തന്നെ ജലഗതാഗതവും മുന്‍ഗണന നല്‍കേണ്ടതാണ്. വാട്ടര്‍ ടാക്‌സി പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയിലേക്കാണ് ബഹറൈനിലെ സദാസമയവും തിരക്കില്‍ തിങ്ങി ഞെരുങ്ങിയ റോഡുകളിലെ നിലവിലെ അവസ്ഥാവിശേഷം വിരല്‍ ചൂണ്ടുന്നത്.

നിലവിലുള്ള വാട്ടര്‍ ടാക്‌സി റൂട്ടുകള്‍ കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിച്ച് റോഡുകളില്‍ തിരക്ക് കുറയ്ക്കുവാനുള്ള പ്രായോഗിക സമീപനം ജലഗതാഗതം പ്രോത്സാഹനം വഴി ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.

വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ പുതുതായി അവതരിപ്പിച്ച ജെറ്റ് കാറുകള്‍ കുടുംബമായി, കുട്ടികളായി എത്തുന്നവര്‍ക്കും ആകര്‍ഷകമായി മാറി കഴിഞ്ഞു. സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട അവിടുത്തെ ജല നൃത്തവും നിലവിലുള്ള അവന്യു മാളിന് സമീപവും സമാന സ്ഥലങ്ങളിലും ഇത്തരം പരീക്ഷണങ്ങള്‍ വിപുലമാക്കുന്നത് വാട്ടര്‍ ടാക്‌സിയോടൊപ്പം ജെറ്റ് കാര്‍ റൈഡിങ്ങും മ്യൂസിക് ഡാന്‍സും വിനോദ സഞ്ചാര സാഹസിക പ്രേമികള്‍ക്ക് നവ്യാനുഭവം പകരും.

വെള്ളവും വെളിച്ചവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടുള്ള അംവാജ് ഐലന്‍ഡിലെ ദില്‍ മുനിയ മാളില്‍ പവിഴ ദ്വീപിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ദില്‍മുനിയ കനാലില്‍ 1200ലേറെ നിറങ്ങളില്‍ എല്‍ ഇ ഡി വര്‍ണ്ണം വാരി വിതറുന്ന ജല നൃത്തം സമാന രീതിയിലുള്ള ജല പാര്‍ക്കുകളിലും ആവിഷ്‌കരിച്ചാല്‍ സഞ്ചാരികളെ ഇനിയും ഏറെ ആകര്‍ഷിക്കാന്‍ വകയുണ്ട്.

കപ്പല്‍ യാത്രയും ഫെറി സര്‍വീസും വാട്ടര്‍ ടാക്‌സിയും ജെറ്റ് കാറും ജല നൃത്തവും വാട്ടര്‍ മ്യൂസിക് സൗണ്ട് ലൈറ്റ് ഷോയും മാറുന്ന ബഹറൈന്റെ ടൂറിസം രംഗത്തിന് നവീന മുഖച്ഛായ ആയി മാറും എന്ന് പ്രതീക്ഷിക്കാം.

Share This Article
Leave a Comment
error: Content is protected !!