

ദോഹ: നാല്ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും സംഘവും ശനിയാഴ്ച രാത്രി ഖത്തറിലെത്തി. സെനഗളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഖത്തറില്‍ എത്തിയത്.

ഉപരാഷ്ട്രപതിയെയും സംഘത്തെയും വിമാനത്താവളത്തില്‍ ഖത്തര്‍ വിദശേകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം വരവേറ്റു. ഉപരാഷ്ട്രപതിയുടെഔദ്യോഗിക പരിപാടികള്‍ക്കു ഞായറാഴ്ച തുടക്കമാകും. ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനൊപ്പം ഉന്നതതല പ്രതിനിധി ചര്‍ച്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയുമായി അമിരി ദീവാനില്‍ ഉപരാഷ്ട്രപതി കൂടികാഴ്ച നടത്തും. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോഡി, വിജയ് പാല്‍ സിങ് തമര്‍, ലോക്‌സഭാംഗം പി രവീന്ദ്രനാഥ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത പ്രതിനിധി സംഘവും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും രാഷ്ട്രപതിയെ അനുഗമിക്കുന്നതായി അംബാസഡര്‍ അറിയിച്ചു.
തിങ്കളാഴ്ച ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമുമായും ഉപരാഷ്ട്രപതി കൂടികാഴ്ച നടത്തും. രാജ്യസഭാ അധ്യക്ഷന്‍ എന്ന നിലയില്‍ ചര്‍ച്ചയില്‍ ഇന്ത്യയും ഖത്തറും തമ്മിലെ പര്‍ലമെന്ററി സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ ആശയ വിനിമയം നടത്തും. ഖത്തര്‍ നാഷനല്‍ മ്യൂസിയവും ഖത്തര്‍ ഫൗണ്ടേഷനുംരാഷ്ട്രപതി സന്ദര്‍ശിക്കും.
ഞായറാഴ്ച വൈകുന്നേരം വ്യാപാര പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഖത്തറും ഇന്ത്യയും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 50 വര്‍ഷം അടുത്ത വര്‍ഷം ആഘോഷിക്കാനിരിക്കെയാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം.

