
ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രമുഖ വ്യവസായ നേതാക്കളെ ഉള്‍പ്പെടുത്തി ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് 2026ലെ ടോപ്പ് 100 സി ഇ ഒമാരുടെ വാര്‍ഷിക പട്ടിക പ്രസിദ്ധീകരിച്ചു. ആറാം വര്‍ഷമാണ് ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് ഈ പട്ടിക പുറത്തിറക്കുന്നത്.

ബിസിനസ് നേട്ടങ്ങള്‍ കൈവരിക്കുന്നതിനപ്പുറം നവീകരണത്തിന് നേതൃത്വം നല്‍കുകയും ആഗോള മത്സരശേഷി വര്‍ധിപ്പിക്കുകയും മിഡില്‍ ഈസ്റ്റിലെ സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടിക തയ്യാറാക്കുന്നതിനായി, മേഖല, രാജ്യം, വിപണി എന്നിവയില്‍ സി ഇ ഒമാര്‍ ചെലുത്തിയ സ്വാധീനം, നിലവിലെ പദവിയിലെ പ്രവൃത്തിപരിചയം, കമ്പനിയുടെ സാമ്പത്തിക വലിപ്പം, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രകടനവും നേട്ടങ്ങളും, നടപ്പാക്കിയ നൂതന ആശയങ്ങളും പദ്ധതികളും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളാണ് ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റ് പരിഗണിച്ചത്.
ഈ വര്‍ഷവും സൗദി അരാംകോ പ്രസിഡന്റും സി ഇ ഒയുമായ അമിന്‍ എച്ച് നാസര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഡ്നോക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി ഇ ഒയുമായ സുല്‍ത്താന്‍ അല്‍ ജാബര്‍ രണ്ടാം സ്ഥാനവും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം മൂന്നാം സ്ഥാനവും നേടി.
കുവൈത്ത് പെട്രോളിയം കോര്പ്പറേഷന് ഡെപ്യൂട്ടി ചെയര്‍മാനും സി ഇ ഒയുമായ നവാഫ് സൗദ് അല്‍-സബാഹ് നാലാം സ്ഥാനത്തും ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി സി ഇ ഒയും മാനേജിങ് ഡയറക്ടറുമായ സയ്യിദ് ബഷര്‍ ഷുഹൈബ് അഞ്ചാം സ്ഥാനത്തുമാണ്.
ഖത്തര്‍ എനര്‍ജി ഡെപ്യൂട്ടി ചെയര്‍മാനും പ്രസിഡന്റും സി ഇ ഒയുമായ സഅദ് ഷരീദ അല്‍ കഅബി ആറാം സ്ഥാനത്തും സൗദി ഹെല്‍ത്ത് ഹോള്‍ഡിംഗ് കമ്പനി സി ഇ ഒ നാസര്‍ അല്‍ ഹുഖ്ബാനി ഏഴാം സ്ഥാനത്തും ഖത്തര്‍ ക്യു എന്‍ ബി ഗ്രൂപ്പ് സി ഇ ഒ അബ്ദുല്ല മുബാറക്ക് അല്‍ ഖലീഫ എട്ടാം സ്ഥാനത്തും സൗദി അല്രജ്ഹി ബാങ്ക് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ വലീദ് അബ്ദുല്ല അല്‍ മഗ്ബെല് ഒന്‍പതാം സ്ഥാനത്തും ഒമാന്‍ പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ മാനേജിംഗ് ഡയറക്ടര്‍ അഫ്ലാഹ് അല്‍ ഹദ്റാമി പത്താം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്.
21 രാജ്യങ്ങളില്‍ നിന്നുള്ള സി ഇ ഒമാരാണ് ഇത്തവണ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. 31 പേരുമായി യു എ ഇ ഒന്നാം സ്ഥാനത്തും 15 പേരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തും 13 പേരുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തുമാണ്.
മേഖലാപരമായി നോക്കുമ്പോള്‍ ബാങ്കിങ്, ധനകാര്യ സേവന മേഖല 30 സി ഇ ഒമാരുമായി മുന്നിലാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖല എട്ട് പേരുമായി രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലെ എല്ലാ സി ഇ ഒമാരും ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതും അവര്‍ അഞ്ച് വ്യത്യസ്ത വ്യവസായ മേഖലകളെ പ്രതിനിധീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
സ്വദേശ വിപണിക്ക് പുറത്തേക്കുള്ള വ്യാപനത്തിന് മേഖലയിലെ കമ്പനികള്‍ കൂടുതല്‍ പ്രാധാന്യം നല്കുന്ന സാഹചര്യത്തില്‍, ഏറ്റെടുക്കലുകളും ആഗോള നിക്ഷേപങ്ങളും കോര്‍പ്പറേറ്റ് വളര്‍ച്ചയുടെ പ്രധാന തന്ത്രമായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായി എന്‍ എം ഡി സി ഇന്‍ഫ്ര സ്പെയിനിലെ ലന്താനിയ അഗ്വാസില് 51 ശതമാനം ഓഹരി സ്വന്തമാക്കിയതും എമിറേറ്റ്സ് എന്‍ ബി ഡി ഇന്ത്യയിലെ ആര് ബി എല്‍ ബാങ്കില്‍ ഏകദേശം 2.75 ബില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപത്തിലൂടെ 60 ശതമാനം ഓഹരി ഏറ്റെടുത്തതും റിപ്പോര്‍ട്ട് ശ്രദ്ധേയ നേട്ടങ്ങളായി വിലയിരുത്തുന്നു.
ഖത്തര്‍ എനര്‍ജി ഡെപ്യൂട്ടി ചെയര്‍മാനും പ്രസിഡന്റും സി ഇ ഒയുമായ സഅദ് ഷെരീദ അല്‍-കഅബി, ക്യു എന്‍ ബി ഗ്രൂപ്പ് സി ഇ ഒ അബ്ദുല്ല മുബാറക് അല്‍-ഖലീഫ, നാഖിലാത്ത് സി ഇ ഒ അബ്ദുല്ല അല്‍ സുലൈത്തി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി ഇ ഒ മന്‍സൂര്‍ അല്‍ ഖാതര്‍, ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി സി ഇ ഒ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഫൈസല്‍ അല്‍ താനി, ദുഖാന് ബാങ്ക് ഗ്രൂപ്പ് ആക്ടിംഗ് സി ഇ ഒ അഹമ്മദ് ഹാഷിം, ദോഹ ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ശൈഖ് അബ്ദുല്‍ റഹ്മാന് ബിന്‍ ഫഹദ് ബിന്‍ ഫൈസല്‍ അല്‍താനി, ഖത്തര്‍ ഇന്‍ഷൂറന്‍സ് ഗ്രൂപ്പ് സി ഇ ഒ സാലിം അല്‍ മന്നായി, ഉരീദു ഗ്രൂപ്പ് സി ഇ ഒ അസീസ് അല്‍ ഉത്മാന് ഫഖ്റൂ, ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി ഇ ഒ ബാസല്‍ ഗമാല്‍ എന്നിവരാണ് ഖത്തറില്‍ നിന്നും പട്ടികയിലുള്ളത്.

