
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിക്ക് ഈജിപ്ത് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണം, വിദേശത്തുള്ള ഈജിപ്തുകാരുടെ കാര്യ മന്ത്രി ഡോ. ബദര്‍ അബ്ദെലാറ്റിയില്‍ നിന്ന് ടെലിഫോണ്‍ കോള്‍ ലഭിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും സംയുക്ത ഏകോപനവും സംഭാഷണത്തില്‍ പ്രധാന വിഷയങ്ങളായി.

സംഭാഷണത്തിനിടെ, എല്ലാ കക്ഷികളും സംഭാഷണത്തിനും നയതന്ത്രത്തിനും പ്രതിബദ്ധത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ കൈവരിച്ച കരാറുകള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര നാവികഗതാഗതം ഉറപ്പാക്കുക, മേഖലയിലെ സുരക്ഷ നിലനിര്‍ത്തുക, ഇതിനകം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുക, പ്രാദേശിക സ്ഥിരത ശക്തിപ്പെടുത്തുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘര്‍ഷം ശമിപ്പിക്കുന്നതിനും ശാശ്വത സമാധാനം ഉറപ്പാക്കുന്ന സമഗ്ര കരാറിലെത്തുന്നതിനുമായി നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

