സിറിയയില്‍ 830-ലധികം ശസ്ത്രക്രിയകള്‍ നടപ്പാക്കാന്‍ ഖത്തര്‍ ചാരിറ്റി

Web Desk
1 Min Read

ദോഹ: സിറിയയില്‍ 830-ലധികം പ്രത്യേക ശസ്ത്രക്രിയകള്‍ നടപ്പാക്കുന്നതായി ഖത്തര്‍ ചാരിറ്റി അറിയിച്ചു. സിറിയന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് സംഘടനയുടെ ആഗോള ‘ദിഫാഅ് ബലാ’ ക്യാമ്പയിന്റെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്.

city exchange

സിറിയയില്‍ വര്‍ധിച്ചുവരുന്ന ആരോഗ്യ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ മെഡിക്കല്‍ ഇടപെടലുകള്‍ നടത്തുന്നതെന്ന് ഖത്തര്‍ ചാരിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചികിത്സാച്ചെലവ് വഹിക്കാന്‍ കഴിയാത്ത രോഗികളുടെ ദുരിതം ലഘൂകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജീവന്‍ രക്ഷിക്കുന്നതിനും കാഴ്ചയും കേള്‍വിയും വീണ്ടെടുക്കുന്നതിനും രോഗികള്‍ക്ക് ആരോഗ്യവാന്മാരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായിക്കുന്നതിനുമായി വിവിധ പ്രത്യേക ശസ്ത്രക്രിയകളാണ് പദ്ധതിയിലൂടെ നടത്തുന്നത്.

നിലവിലെ ഘട്ടത്തില്‍ 750 തിമിര ശസ്ത്രക്രിയകളും ഗുണഭോക്താക്കള്‍ക്കുള്ള കണ്ണട വിതരണവും ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്കായി 70 ശസ്ത്രക്രിയകളും 10 ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയകളും ആറ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡമാസ്‌കസ്, അലെപ്പോ, ഹോംസ്, ഹമ, ഇദ്ലിബ് എന്നിവിടങ്ങളിലായി 830-ലധികം രോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുസംബന്ധിച്ച് പ്രതികരിച്ച ഖത്തര്‍ ചാരിറ്റിയുടെ സിറിയ ഓഫീസ് ഡയറക്ടര്‍ ഇസ്സാം ദബ്ബാബ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചികിത്സ ലഭിക്കാതെ കഴിയുന്ന ഏറ്റവും ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് പിന്തുണ നല്‍കാനുള്ള സംഘടനയുടെ പ്രതിബദ്ധതയാണ് ഈ മെഡിക്കല്‍ ഇടപെടലുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

- Advertisement -
Ad image

പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന നിരവധി ശസ്ത്രക്രിയകള്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാനോ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ ഉള്ള ഏക പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചികിത്സാച്ചെലവ് വഹിക്കാന്‍ കഴിയാത്ത രോഗികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ശസ്ത്രക്രിയാ സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ചാരിറ്റി അടുത്തിടെ ആരംഭിച്ച ‘ദിഫാഅ് ബലാ’ ആഗോള ക്യാമ്പയിന്റെ ഭാഗമായാണ് ഈ ശസ്ത്രക്രിയകള്‍ നടപ്പാക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!