
ദോഹ: ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ പുതിയ ആക്രമണങ്ങളെയും ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കുവൈത്തിന്റെ ‘കൈഫാന്‍’ എണ്ണക്കപ്പലിനെ ലക്ഷ്യമിട്ട നടപടിയെയും ഖത്തര്‍ ശക്തമായി അപലപിച്ചു.

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ ആക്രമണങ്ങള്‍ മൂന്ന് രാജ്യങ്ങളുടെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കുമെതിരായ ‘പരസ്യമായ ലംഘനമാണെന്ന്’ ചൂണ്ടിക്കാട്ടി. കൂടാതെ, സമുദ്ര സുരക്ഷയ്ക്കും ആഗോള ഊര്‍ജവിതരണത്തിനും ഗുരുതര ഭീഷണിയാണിതെന്നും അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍, നല്ല അയല്‍രാജ്യ ബന്ധങ്ങളുടെ തത്ത്വങ്ങള്‍ എന്നിവയുടെ ലംഘനവുമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം ആക്രമണങ്ങള്‍ തുടരുന്നത് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കുമെന്നും സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ- നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പ്രാദേശിക സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടന്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലേക്കും ചര്‍ച്ചകളിലേക്കും മടങ്ങണമെന്നും നയതന്ത്ര ശ്രമങ്ങളിലൂടെ കൈവരിച്ച ധാരണകള്‍ മാനിക്കണമെന്നും ഖത്തര്‍ ആഹ്വാനം ചെയ്തു.
ജോര്‍ദാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളോടുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു. തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ഖത്തര്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

