
ദോഹ: സൗദി അറേബ്യയിലെ തായിഫ്, യന്‍ബു നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി സംഘം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് ഖത്തര്‍ വ്യക്തമാക്കി.

ആക്രമണങ്ങളെ ലക്ഷ്യമിടുന്ന സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും ഖത്തര്‍ ശക്തമായി എതിര്‍ക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സൗദി അറേബ്യയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ഖത്തര്‍ വീണ്ടും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൗമപരമായ അഖണ്ഡത, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന നിയമാനുസൃത നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും ഖത്തര്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെ സുരക്ഷയുമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുമായും അടുത്ത ബന്ധമുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

