
ദോഹ: ഗസ്സയില്‍ നിന്ന് ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കണമെന്ന ഇസ്രായേല്‍ മന്ത്രിമാരുടെ പ്രസ്താവനകളെ ഖത്തര്‍ ഉള്‍പ്പെടെയുള്ള എട്ട് അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

ഖത്തര്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കിയെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്.

ഗസ്സയിലെ ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ബലമായി പുറത്താക്കുന്നതിനുള്ള പദ്ധതികളെയും സംവിധാനങ്ങളെയും കുറിച്ച് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും നടത്തിയ പ്രസ്താവനകളെയാണ് മന്ത്രിമാര്‍ അപലപിച്ചത്.
ഇത്തരം പ്രകോപനപരമായ പ്രസ്താവനകളും നിര്‍ദേശങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഫലസ്തീന്‍ ജനതയുടെ നിയമാനുസൃതവും നിഷേധിക്കാനാവാത്തതുമായ അവകാശങ്ങള്‍ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിനകത്തോ പുറത്തോ ഏതെങ്കിലും കാരണമോ ന്യായീകരണമോ ചൂണ്ടിക്കാട്ടി ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഏത് ശ്രമത്തെയും പദ്ധതിയെയും തങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചു.
നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനുള്ള ആഹ്വാനങ്ങളെ ഔദ്യോഗിക നയമായോ ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് വേരോടെ പിഴുതെറിയാനുള്ള പ്രായോഗിക നടപടികളായോ മാറ്റുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം നടപടികള്‍ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് നേരിട്ടുള്ള വെല്ലുവിളിയാണെന്നും ഗസ്സ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമഗ്ര പദ്ധതിയുള്‍പ്പെടെയുള്ള സമാധാന ശ്രമങ്ങളെ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനെ വ്യക്തമായി തള്ളിക്കളയുന്നതാണ് ഈ പദ്ധതിയിലെ പ്രധാന നിലപാടുകളിലൊന്നെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
ഗസ്സാ മുനമ്പ് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഗസ്സയും കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്കും അടങ്ങുന്ന ഫലസ്തീന്‍ പ്രദേശത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
1967 ജൂണ്‍ 4-ന് നിലവിലുണ്ടായിരുന്ന അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരമാണ് നീതിപൂര്‍ണവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ഏക മാര്‍ഗമെന്നും അവര്‍ ആവര്‍ത്തിച്ചു. ഇത് ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പുതിയ ജനസംഖ്യാപരമോ ഭൂമിശാസ്ത്രപരമോ ആയ യാഥാര്‍ഥ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടാന്‍ അന്താരാഷ്ട്ര സമൂഹവും പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
സ്വന്തം ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് പൂര്‍ണ പിന്തുണ തുടരുമെന്നും ഫലസ്തീന്‍ പ്രശ്‌നത്തെ ഇല്ലാതാക്കാനോ അവരുടെ നിയമാനുസൃത അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നതായും എട്ട് രാജ്യങ്ങളും വ്യക്തമാക്കി.

