
ദുബായ്: യു എസ് താവളങ്ങളെയും ശത്രു കപ്പലുകളെയും ലക്ഷ്യമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇറാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്ക് കപ്പലുകളേയും ലക്ഷ്യമാക്കി.

തങ്ങളുടെ വ്യോമപരിധിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി യു എ ഇയും കുവൈത്തും അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ തിരിച്ചറിഞ്ഞ് നിര്‍വീര്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

പുലര്‍ച്ചെയോടെ രാജ്യത്തിന്റെ വ്യോമപരിധിയില്‍ ഡ്രോണുകള്‍ കണ്ടെത്തിയതായി കുവൈത്ത് സൈന്യവും അറിയിച്ചു. നിലവിലുള്ള സുരക്ഷാ നടപടികള്‍ അനുസരിച്ച് ഡ്രോണുകളെ നേരിട്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഡ്രോണുകളുടെ ഉറവിടത്തെക്കുറിച്ച് വ്യക്തത നല്‍കിയിട്ടില്ല.
ഗള്‍ഫ് കടലില്‍ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബിയില്‍ നിന്ന് വന്ന കപ്പല്‍ മിസഈദ് തുറമുഖത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തെ ഖത്തര്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ചാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഇതിനുമുമ്പ് ബ്രിട്ടന്റെ യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്ററും ദോഹയുടെ വടക്കുകിഴക്കായി 23 നോട്ടിക്കല്‍ മൈല്‍ അകലെയുണ്ടായിരുന്ന ഒരു ബള്‍ക്ക് കാരിയര്‍ ‘അജ്ഞാത പ്രൊജക്ടൈല്‍’ ആക്രമണത്തിന് ഇരയായതായി അറിയിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഖത്തര്‍ തീരത്തിന് സമീപം ആക്രമിക്കപ്പെട്ട കപ്പല്‍ അമേരിക്കന്‍ പതാകയോടെ സഞ്ചരിച്ച യു എസ് ഉടമസ്ഥതയിലുള്ളതാണെന്ന് ഇറാന്റെ ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം ഹോര്‍മുസ് കടലിടുക്കില്‍ ദക്ഷിണ കൊറിയയുടെ ചരക്കുകപ്പലിന് രണ്ട് അജ്ഞാത വിമാനങ്ങള്‍ ആക്രമണം നടത്തിയതായി ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച എച്ച് എം എം നാമു എന്ന കപ്പല്‍ പിന്നീട് ദുബായ് തുറമുഖത്ത് എത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.

