Featured
ഇറാന്‍- സഊദി കരാര്‍: സൗഹൃദത്തിന്റെ പുതിയ മേച്ചില്‍പ്പുറം
മധ്യപൂര്‍വ ദേശത്തെ പ്രാദേശിക രാഷ്ട്രീയത്തിലെ ഒരു സുപ്രധാന സംഭവമാണ് കഴിഞ്ഞ ദിവസം രൂപപ്പെട്ട സഊദി- ഇറാന്‍ കരാര്‍. ചൈനയുടെ മധ്യസ്ഥതയില്‍ വിരിഞ്ഞ ഈ സമവാക്യം സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തുറക്കുമെന്നതില്‍ സംശയമില്ല. പരമാധികാരത്തെ മാനിക്കാമെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്നും എംബസികള്‍ രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തുറക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മുന്‍കൈയെടുത്ത് നടത്തിയ അഞ്ചു ദിവസം ദിവസം നീണ്ട മാരത്തോണ്‍ ചര്‍ച്ചകളിലൂടെയാണ് തീരുമാനം.
2001 ഏപ്രില്‍ 17ന് ഈ രണ്ടു രാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാറും സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, സ്പോര്‍ട്സ്, യുവജന മേഖലകളില്‍ പരസ്പര സഹകരണത്തിന് 1998 മെയ് 27ന് ഒപ്പുവെച്ച പൊതുകരാറും നടപ്പാക്കാനും ധാരണയിലെത്തിയിട്ടുണ്ട്. നടത്തുമെന്നും സൗദി അറേബ്യയും ഇറാനും ചൈനയും വ്യക്തമാക്കി.
അന്താരാഷ്ട്ര സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തില്‍ മേഖലാ, ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കാന്‍ നടക്കുന്ന മുഴുവന്‍ ശ്രമങ്ങളും നീക്കങ്ങളും സൗഹൃദങ്ങളും ശ്രദ്ധേയവും മാനിക്കപ്പെടേണ്ടതുമാണ്. പതിറ്റാണ്ടുകള്‍ നീണ്ട രക്തരൂക്ഷിതമായ അധ്യായത്തിന്റെ അവസാനത്തിന്റെ തുടക്കമായിരിക്കണം ഈ കരാറെന്ന് മധ്യപൂര്‍വ ദേശത്തെ രാഷ്ട്രീയവും ആഗോള സ്ഥിഗതികളും നോക്കിക്കാണുന്ന എല്ലാവരും ആഗ്രഹിക്കുക സ്വാഭാവികമാണ്.
സഊദിയുടെ നീക്കത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്ന് അളക്കുന്നവരുണ്ട്. യു എസിലെയും യൂറോപ്പിലെയും രാഷ്ട്രീയ വിദഗ്ധര്‍ പുതിയ സമാധാന ശ്രമങ്ങളെപ്പറ്റി വിവിധ നിരീക്ഷണങ്ങളാണ് പങ്കിടുന്നത്. കരാറിലെത്തുന്നതില്‍ ചൈനയുടെ പങ്കും യു എസിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും വിശകലനം ചെയ്യുകയാണവര്‍. അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഏതെങ്കിലും ചേരിയില്‍ നിലനില്‍ക്കുന്നതിലോ ചേരികള്‍ കെട്ടിപ്പടുക്കുന്നതിലോ അറബ് രാഷ്ട്രീയം അധികം താല്പര്യം കാണിക്കാറില്ലെന്ന് അതിന്റെ രാഷ്ട്രീയ പശ്ചാത്തലം സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്.
സഊദിയുടെ തന്ത്രപ്രധാന സഖ്യകക്ഷികളില്‍ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുമ്പോള്‍ തന്നെ റഷ്യയുമായി അടുപ്പം സൂക്ഷിക്കുന്ന ഈ നയതന്ത്രത്തെ ഏത് വ്യാഖ്യാനത്തിലൂടെ വീക്ഷിച്ചാലും അറബ് സമൂഹത്തിന്റെ വിശാലമായ കാഴ്ചപ്പാടും മേഖലയിലെ ജനങ്ങളുടെ നന്മയിലുള്ള താത്്പര്യവുമാണ് കാണിക്കുന്നത്.
ഒരു അയല്‍രാജ്യമായ ഇറാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ആവശ്യമായിരുന്നു. 2016ല്‍ ടെഹ്‌റാനിലെ സഊദി എംബസിയിലും മറ്റൊരിക്കല്‍ മശ്ഹദ് നഗരത്തിലെ സഊദി കോണ്‍സുലേറ്റിലും ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അറ്റുപോയതാണ് ഏറെ പ്രധാനപ്പെട്ട നയതന്ത്ര ബന്ധം. സംഘര്‍ഷഭരിതമായിരുന്നു തുടര്‍നാളുകള്‍. സഊദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങളിലും സിവിലിയന്‍ മേഖലയിലും ഹൂതി വിമതര്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇതിന് പിന്നില്‍ ഇറാന്‍ സഹായമുണ്ടെന്ന് സഊദി വ്യക്തമാക്കി. ഹൂതികള്‍ക്കു നേരെ സഊദി അറേബ്യയും തിരിച്ചടിച്ചു. അറബ് മേഖലയിലെ യു എ ഇ, ബഹ്റൈന്‍ അടക്കമുള്ള സഹോദര രാജ്യങ്ങളുടെ പിന്തുണ സഊദിക്കുണ്ടായിരുന്നു. വലിയ രീതിയില്‍ ധനനഷ്ടവും സമയ നഷ്ടവുമുണ്ടാക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കണമെന്നത്, സഊദി അറേബ്യയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ആവശ്യമായിരുന്നു.
വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ഇറാന്‍ ഭരണകൂടത്തിനും സമ്പദ്വ്യവസ്ഥയിലെ സുസ്ഥിരതക്കും ഭരണപരമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അയല്‍പ്രദേശവുമായി നിലനില്‍ക്കുന്ന പ്രശ്‌നം അവസാനിപ്പിക്കുക അനിവാര്യമായിരുന്നു. സമാധാനത്തിലൂടെ മാത്രമാണ് സമൃദ്ധിയും അഭിവൃദ്ധിയുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായി. തീര്‍ച്ചയായും മേഖലയ്ക്കും മുഴുവന്‍ ലോകത്തിനും ഇത്തരമൊരു നീക്കം എന്നത്തേക്കാളും വേണ്ടതാണെന്നതില്‍ രണ്ടഭിപ്രായവുമില്ല.
ചര്‍ച്ചകളില്‍ ഇടനിലക്കാരായി വന്ന ചൈനയുടെ താത്പര്യങ്ങളേക്കാള്‍ രണ്ട് രാജ്യങ്ങളുമായും ഉള്ളില്‍ സൂക്ഷിക്കുന്ന സ്ഥായിയായ ബന്ധത്തിന്റെ ബഹിസ്പുരമാണ് ഇപ്പോഴത്തെ കരാര്‍. ചൈനയുമായും അറബ് രാജ്യങ്ങള്‍ക്ക് നല്ല ബന്ധമുണ്ട്. കൊളോണിയലിസത്തിന്റെയോ മേഖലാ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ മുന്‍കാല ചരിത്രം ചൈനക്കില്ല എന്നത് ശ്രദ്ധേയമാണ്. പ്രതിദിനം 1.75 ദശലക്ഷം ബാരല്‍ എണ്ണ വാങ്ങുന്ന ചൈനക്ക് സുരക്ഷിതമായ ഊര്‍ജ പ്രവാഹം ഉറപ്പാക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പോലും അത് കരാറില്‍ ഏര്‍പ്പെട്ട ഇരു രാജ്യങ്ങളുടെ കൂടി തീരുമാനത്തിന്റെ പുറത്താണെന്നത് തന്നെയാണ് വാസ്തവം. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തോടുള്ള പ്രതിബദ്ധത, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള ശ്രദ്ധ, സുരക്ഷാ സഹകരണം തുടങ്ങിയവയുടെ ഗുണഭോക്താക്കള്‍ മൂന്നാം കക്ഷിയെക്കാള്‍ അതാത് പ്രദേശങ്ങള്‍ തന്നെയാണ്.
പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായും ചര്‍ച്ചയിലൂടെയും പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുകയെന്ന തങ്ങളുടെ കാഴ്ചപ്പാടിനെയാണ് ഇറാനുമായി പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധം എടുത്തുകാണിക്കുന്നതെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അഭിപ്രായപ്പെടുകയുണ്ടായി. ഒരേ തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന മേഖലയിലെ രാജ്യങ്ങള്‍ സമൃദ്ധിയുടെയും സ്ഥിരതയുടെയും മാതൃക ഒരുമിച്ച് കെട്ടിപ്പടുത്ത ചരിത്രപരമായ ഈ നീക്കത്തെ മേഖല സന്തോഷം പകരുന്ന സംഭവമായി പരക്കെ സ്വാഗതം ചെയ്യുമ്പോള്‍, മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ചൈന സ്വാധീനം നേടുമോ എന്ന ആശങ്കയിലാണ് അമേരിക്ക. അതേസമയം, ഇസ്രാഈല്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ലെങ്കിലും മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ പ്രതികരണം അത്ര സുഖകരമല്ല.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം പുന:രാരംഭിക്കുന്നത് മേഖലയില്‍ സുരക്ഷയും സ്ഥിരതയുയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് വ്യക്തമാക്കി ഒമാന്‍ വിദേശകാര്യ മന്ത്രാലയം കരാറിനെ സ്വാഗതം ചെയ്തു.
ഇറാഖ്, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പുതിയ അധ്യായം തുറക്കട്ടെയെന്ന് ആശംസിച്ചു കൊണ്ടാണ് കരാറിനെ സ്വാഗതം ചെയ്തത്. ഒരു ഘട്ടത്തില്‍ ഇറാഖ് ഇത്തരമൊരു സമവായ ശ്രമത്തിന് മുന്നില്‍ നിന്നിരുന്ന രാജ്യമാണ്. പ്രഖ്യാപിത കരാറിനെ താത്പര്യത്തോടെ നോക്കികാണുന്നതായും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സ്ഥിരത ശക്തിപ്പെടുത്തുന്നതിനും അറബ് ദേശീയത സംരക്ഷിക്കുന്നതിനും കരാര്‍ സഹായിക്കുമെന്നും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് മുതല്‍കൂട്ടാവുമെന്ന് വ്യക്തമാക്കി ജോര്‍ദാനും കരാറിനൊപ്പം ചേര്‍ന്നിട്ടുണ്ട്.
യമനിലെ യുദ്ധവും സഊദിക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും അവസാനിച്ചു കാണുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് അമേരിക്കയുടെ പ്രതികരണം. ഇറാന്‍ വാക്ക് പാലിക്കുമോ എന്ന് നിരീക്ഷിക്കുമെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി വാക്താവ് ജോണ്‍ കിര്‍ബി പറയുന്നത്.
ആഗോള രാഷ്ട്രീയത്തില്‍ പൊലീസ് വേഷം കെട്ടുന്നവര്‍ക്ക് അത്ര സുഖകരമായി തോന്നുന്നില്ലെങ്കിലും പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രാദേശിക സൗഹൃദത്തില്‍ വന്ന വിള്ളലിനെ ഇല്ലാതാക്കുന്നതിലൂടെ മേഖലയില്‍ വലിയൊരു ആശ്വാസത്തിന്റെ ഇളങ്കാറ്റ് പരക്കുമെന്നതില്‍ സംശയമില്ല. ഈ ഊഷ്മളമായ ബന്ധം സഊദിയുടെ സഖ്യ രാജ്യങ്ങളിലേക്ക് കൂടി പടരുമ്പോള്‍ അത് മിഡില്‍ ഈസ്റ്റ് മേഖലയില്‍ തന്നെ ഒരു പുതു രാഷ്ട്രീയ പിറവിക്ക് കാരണമാവുക തന്നെ ചെയ്യും.