Connect with us

Special

അമ്മയ്ക്കിഷ്ടപ്പെട്ട നടന്‍; എനിക്ക് മധു സാര്‍

Published

on


എണ്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ കാരണവരായ മധുവിന് ആശംസകള്‍ അര്‍പ്പിക്കുന്നു. ഓര്‍മവെച്ച കാലം മുതല്‍ മധു സാറിന്റെ സിനിമകള്‍ കണ്ടുകൊണ്ടാണ് വളര്‍ന്നത്. ദൂരദര്‍ശനില്‍ ചിത്രഗീതത്തില്‍ എല്ലാ വ്യാഴാഴ്ചയും മധുസാര്‍ പല ഗാനങ്ങളിലൂടെ വരുന്നത് കുഞ്ഞായ ഞാന്‍ അത്ഭുതത്തോടെ നോക്കിയിരിക്കും. കുറച്ചു വലുതായപ്പോള്‍ അമ്മ പറഞ്ഞു അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ ആയിരുന്നു മധു സാര്‍ എന്ന്. അമ്മയ്ക്ക് ഇപ്പോള്‍ 70 വയസ്സു കഴിഞ്ഞു.

ജബല്‍പൂരില്‍ എഞ്ചിനീയറായിരുന്ന അമ്മാവന്റെ കൂടെ ഉത്തരേന്ത്യയില്‍ താമസിച്ചതിനാല്‍ അമ്മ
ഹിന്ദി സിനിമകള്‍ എല്ലാം കാണുമായിരുന്നു. എന്നിട്ടും മധു സാറിനെ അത്രയും ഇഷ്ടപ്പെട്ടത് എനിക്കത്ഭുതമായി. എന്റെ നേരെ മൂത്ത ഒരാണ്‍കുട്ടി ജനിച്ചപ്പോള്‍ അമ്മ ആ കുഞ്ഞിന് മധു എന്ന് പേരിട്ടു. നിര്‍ഭാഗ്യവശാല്‍ ആ കുട്ടി ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു ശിവരാത്രി ദിവസം മരണപ്പെട്ടു. അടുത്ത വര്‍ഷം ശിവരാത്രിക്ക് ഞാന്‍ ജനിക്കുകയും ചെയ്തു. ഇന്നും മധു എന്ന പേരില്‍ ഏതെങ്കിലും കുട്ടികള്‍ വീട്ടില്‍ വന്നാല്‍ അവരോട് അമ്മയ്ക്ക് പ്രത്യേക ഒരു വാത്സല്യമുള്ളത് പലപ്പോഴും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.

ക്രമേണ എനിക്കും മധു സാറിനെ ഇഷ്ടമായിത്തുടങ്ങി. എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും പല പല സിനിമകള്‍ മധുസാറിന്റേതായി കണ്ടു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. തമിഴില്‍ ‘ഭാഗ്യലക്ഷ്മി’ എന്ന പേരില്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു കൊച്ചു ചിത്രം എടുത്തപ്പോള്‍ മധു സാറിന്റെ പേരമകന്‍ ആയി ഞാന്‍ അഭിനയിച്ചു. അടുത്തടുത്തായിരുന്നു ഞങ്ങളുടെ റൂമുകള്‍ അതിനാല്‍ സത്താര്‍ അങ്കിളും സുമിത്ര ആന്റിയും മധുസാറും എല്ലാം ഒന്നിച്ചിരുന്നു സംസാരിക്കുമ്പോള്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഞാനും അവരുടെ കൂടെ കൂടി. അങ്ങിനെ മധുസാറിന്റെ ഹൃദയത്തില്‍ ഇടം നേടാന്‍ എനിക്കും കഴിഞ്ഞു.

തലേന്ന് രാത്രി എന്നോട് മധു സാര്‍ പറഞ്ഞു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മരണപ്പെട്ടിട്ട് അധികമായില്ല എന്നും അതിനാല്‍ വീട്ടില്‍ ഇരിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് മദ്രാസിലേക്ക് ഷൂട്ടിന് വന്നതെന്നും. അദ്ദേഹത്തിന്റെ കൂടെ സഹായികള്‍ ആരും വന്നില്ലായിരുന്നു. ഇത് മനസ്സിലാക്കിയ ഞാന്‍ എന്റെ സഹായി അശ്വിനെ മധു സാറിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഏല്പിച്ചു കൊടുത്തു. അശ്വിന്‍ മധുസാറിനെ ശരിക്കും കെയര്‍ ചെയ്തു. അതിനാല്‍ സാര്‍ വളരെ ഹാപ്പി ആയിരുന്നു. പ്രിയദര്‍ശന്‍ സാറിന്റെ ചിത്രങ്ങളിലെ സ്ഥിരം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ലക്ഷ്മികാന്ത് അണ്ണന്‍ ആയിരുന്നു ഞങ്ങളുടെ ചിത്രത്തിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍. എല്ലാവരും ഒന്നിച്ചെടുത്ത ഫോട്ടോ ഒരു കോപ്പി മധുസാറിന് വേണമെന്ന് എന്നോട് മധുസാര്‍ പറഞ്ഞിരുന്നു.
ഷൂട്ട് കഴിഞ്ഞുപോകുമ്പോള്‍ എയര്‍പോര്‍ട്ട് വരെ ഞാനും അദ്ദേത്തിന്റെ കൂടെ പോയിരുന്നു. എന്റെ തലയില്‍ കൈവെച്ചനുഗ്രഹിച്ച് മധുസാര്‍ എയര്‍പോര്‍ട്ടിനുള്ളിലേക്ക് പോയി. 10 ദിവസം കഴിഞ്ഞപ്പോള്‍ മധുസാര്‍ പറഞ്ഞ ഫോട്ടോ എന്‍ലാര്‍ജ് ചെയ്ത് നല്ല ക്വാളിറ്റി ഉള്ള ഫ്രെയിം ചെയ്ത് കണ്ണമ്മൂലയില്‍ ഉള്ള വീട്ടിലേക്ക് കൊറിയര്‍ ചെയ്തുകൊടുത്തു. ആ ഫോട്ടോ തെര്‍മോകോള്‍ എല്ലാം വച്ച് പൊതിഞ്ഞതിനാല്‍ ഒരു കുഴപ്പവും ഇല്ലാതെ മധുസാറിന്റെ കൈകളില്‍ കിട്ടി എന്ന് അദ്ദേഹം തന്നെ എന്നെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ ഞാന്‍ ഹര്‍ഷപുളകിതനായി. ഇന്നും ഭദ്രമായി മധുസാറിന്റെ വീട്ടില്‍ ഉണ്ട് ഞാനുള്‍പ്പെടെയുള്ള ആ വലിയ ഗ്രൂപ്പ് ഫോട്ടോ.

മധുസാര്‍ എന്നും ആരോഗ്യത്തോടെ ഇരിക്കാന്‍ ഞാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു. കോവിഡ് ഒതുങ്ങിയശേഷം നാട്ടില്‍ വന്ന് മധുസാറിനെ വീണ്ടും നേരില്‍ കാണാനും ആ പാദാരവിന്ദങ്ങളില്‍ നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങാനും വളരെയേറെ ആഗ്രഹമുണ്ട്.


സിനിമയിലെ മഹാരാജാ അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ ഈ പുതുതലമുറയൊന്നും ഒന്നുമല്ല. ചെമ്മീന്‍ എന്ന ഒരൊറ്റച്ചിത്രം മതി അങ്ങയോടുള്ള ആരാധന ഇന്ത്യന്‍ സമൂഹത്തിനു എന്നെന്നും നിലനില്‍ക്കാന്‍. വേറെ ആര്‍ക്കുണ്ട് ഇതുപോലൊരു മഹാഭാഗ്യം.
അങ്ങേക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍.


error: Content is protected !!