Connect with us

Featured

പ്രഥമ കേരള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: എം ടിക്ക് കേരളജ്യോതി; മമ്മൂട്ടിക്ക് കേരളപ്രഭ

Published

on


തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

എം ടി വാസുദേവന്‍ നായര്‍ക്കാണു കേരള ജ്യോതി പുരസ്‌കാരം.
ഓംചേരി എന്‍ എന്‍ പിള്ള, ടി മാധവ മേനോന്‍, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം പി പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണു നല്‍കുന്നത്. പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി കെ എ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.


error: Content is protected !!