Connect with us

Entertainment

ശുഭ വയനാടിന്റെ അഭിനയമികവിനാല്‍ ശ്രദ്ധേയമായി കളിയാട്ടത്തിലെ സൈറ

Published

on


തിരുവനന്തപുരം: നാടകത്തെ ഏറെ പ്രണയിക്കുന്ന ശുഭ വയനാട് 165-ാമത്തെ സ്റ്റേജില്‍ എത്തിനില്‍ക്കുന്നത് സൈറ എന്ന ധീരയായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയാണ്. ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥ അവതരിപ്പിച്ച
കളിയാട്ടം എന്ന തെരുവ് നാടകത്തിലെ പ്രധാന കഥാപാത്രമാണ് സൈറ. ഭൈരവി എന്ന സര്‍ക്കസുകാരിയുടെ മകള്‍.

ഭൈരവി അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും പ്രതീകമാണ്. പ്രതികരിക്കുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയാണ് സൈറ. അടിമത്തത്തിന്റെയും വിവേവചനത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ് സമൂഹത്തിന് മാതൃകയാകുന്ന കഥാപാത്രം. അക്രമത്തിനു വിധേയയായ സംസാര ശേഷിയില്ലാത്ത ഒരു പാവം പെണ്ണായും നാടകത്തിന്റെ തുടക്കത്തില്‍ ശുഭ വയനാട് എത്തുന്നുണ്ട്. സദാചാര പൊലീസിനു മുന്നില്‍ അകപ്പെടുന്ന ദൈന്യതയുടെ മുഖമുള്ള കഥാപാത്രം.

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും അവയില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതുമാണ് ഈ നാടകത്തില്‍ അടയാളപ്പെടുത്തുന്നത്. പെണ്ണ് ദുര്‍ബലയല്ലെന്ന സാക്ഷ്യപ്പെടുത്തലിന്റെ ആവര്‍ത്തനം കൂടിയാണ് ഈ നാടകം. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള സമൂഹത്തിന് മികച്ച സന്ദേശം നല്‍കുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഷെരീഫ് പാങ്ങോട് ആണ്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങലിന്റെ ആശയമാണ് നാടകമായി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെയും സംഘടനയുടെയും പൂര്‍ണ പിന്തുണ നാടകത്തിന്റെ വിജയ ഘടകമായി മാറി.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടറും കോ-ഓര്‍ഡിനേറ്ററുമാണ് ശുഭ വയനാട്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റി അംഗവുമാണ് ശുഭ വയനാട്. വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരാണ് നാടകത്തില്‍ കഥാപാത്രങ്ങളായി എത്തിയത്. ആദ്യമായി നാടകത്തില്‍ അഭിനയിച്ചവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. റാബിത്ത, ഭൈരവി, കോറസ് ആയി വന്നവര്‍, പാര്‍ഥന്‍, രാമന്‍, സുബൊധ് തുടങ്ങി കഥാപാത്രങ്ങളായി വന്നവരെല്ലാം മികച്ച അഭിനയം കാഴ്ചവെച്ച് ് കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി.

കാസര്‍ഗോഡ് നിന്നാണ് വനിതാ മുന്നേറ്റ ജാഥ ആരംഭിച്ചത്. സംസ്ഥാനത്ത് 60 സ്വീകരണ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ കേന്ദ്രങ്ങളിലും ജാഥയോടൊപ്പം നാടകവുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ടൂറിസം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലും മ്യൂസിയം വളപ്പില്‍ നാടകം അവതരിപ്പിച്ചു. ധാരാളം പേര്‍ നാടകം കാണുകയും നാടക ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

സമൂഹത്തിന് സന്ദേശമായെത്തുന്ന നാടകമാണെങ്കിലും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കുന്നില്ലായെന്നത് സത്യമാണ്.
ശുഭ വയനാടിന്റെ സൈറയെ പ്രേക്ഷകര്‍ മറക്കില്ല. സ്ത്രീകള്‍ക്ക് പ്രചോദനമായി സൈറ ഒപ്പമുണ്ടാകും.


error: Content is protected !!