NEWS
കേരളാ ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളാ ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 31-ാമത് സംസ്ഥാന സമ്മേളനം ജൂലൈ രണ്ടിന് ഞായറാഴ്ച തിരുവനന്തപുരം തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറായില്‍ നടക്കും. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഡോ. സാമൂവല്‍ ഹാനിമാന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചടങ്ങുകള്‍ തുടങ്ങും.


പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ വിശിഷ്ടാതിഥിയായിരിക്കും. ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. വിജയാംബിക, ഡി എം ഒ ഡോ. വി കെ പ്രിയദര്‍ശിനി, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും.

സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങും നടക്കും. പുതിയ സംസ്ഥാന കമ്മിറ്റി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു വിശിഷ്ടാതിഥിയായിരിക്കും.


ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം പി ബീന ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ സംസാരിക്കും. മാധ്യമ പുരസ്‌കാര വിതരണവും ചടങ്ങില്‍ നടക്കും. അച്ചടി മാധ്യമ പുരസ്‌കാരം കേരളകൗമുദി അസിസ്റ്റന്റ് മാനേജര്‍ (പി എം ഡി) എസ് ഡി കലയ്ക്കും ദൃശ്യമാധ്യമ പുരസ്‌കാരം മനോരമ ന്യൂസ് ചാനല്‍ ചീഫ് കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോമി മാത്യുവിനും സമര്‍പ്പിക്കും. ഹോമിയോപ്പതി ചികിത്സയുടെ പ്രചാരണം, ഹോമിയോപ്പതി ഡിപ്പാര്‍ട്ട്‌മെന്റിനും അസോസിയേഷനും നല്‍കുന്ന പിന്തുണ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. വി ജി അജിത്കുമാര്‍, ജനറല്‍ സെക്രട്ടറി ഡോ. ജെസ്സി ഉതുപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഹോമിയോപ്പതി മേഖലയിലെ വിശിഷ്ട സേവനങ്ങള്‍ക്കുള്ള അവാര്‍ഡും വിദ്യാഭ്യാസ മികവിന് ഡോക്ടര്‍മാരുടെ മക്കള്‍ക്കുള്ള അനുമോദന സമ്മാനവും വിതരണം ചെയ്യും.
ഡോ. ശ്രീലത, ഡോ. ദീപ, ഡോ. അരുണ്‍കുമാര്‍, ഡോ. ഷൈനി, ഡോ. കുമാരി എസ് ബിന്ദു, ഡോ. മുഹമ്മദ് മുനീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


