Connect with us

Community

ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് ചികിത്സാ ധനസഹായം കൈമാറി

Published

on


ദോഹ: ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് പ്രഖ്യാപിച്ച ചികിത്സാ ധനസഹായം കൈമാറി. ആലപ്പുഴയില്‍ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജില്‍ അതീവഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘരാജിനാണ് ഒ ഐ സി സി ഇന്‍കാസ് യൂത്ത് വിംഗ് ഖത്തര്‍ പ്രഖ്യാപിച്ച ചികിത്സാ ധനസഹായം കൈമാറിയത്.

ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച യുവജന റാലിക്ക് ശേഷം നടന്ന ചടങ്ങില്‍ ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗിന്റെ ധനസഹായം യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ പ്രസിഡണ്ട് ബി വി ശ്രീനിവാസും യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹൂല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് ഒ ഐ സി സി- ഇന്‍കാസ് ഖത്തറിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായരില്‍നിന്നും ഏറ്റുവാങ്ങി.

ചടങ്ങില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സിന്റെ ചാര്‍ജ്ജ് വഹിക്കുന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പുഷ്പലത സി വി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി കെ ഫിറോസ് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസികളുടേയും അവരുടെ നാട്ടിലുള്ള കുടുംബങ്ങളുടേയും വോട്ടുകള്‍ പ്രത്യേകിച്ച് കേരളത്തില്‍ വളരെ വിലപ്പെട്ടതാണെന്നും അവരുടെ വോട്ടുകള്‍ കൃത്യമായും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നല്കി വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഭ്യര്‍ഥിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിദേശത്ത് നിന്ന് ധാരാളം പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നുണ്ടെന്നും ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ പ്രവര്‍ത്തകരുടേയും യൂത്ത് വിംഗ് പ്രവര്‍ത്തകരുടേയും സജീവമായ പങ്കാളിത്തം കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വലിയ തോതില്‍ ഉണ്ടെന്നുള്ളതും അത് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശവും കരുത്തും പകരുന്നുവെന്നുള്ളതും കേരളത്തില്‍ മുഴുവന്‍ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ നേരില്‍ മനസ്സിലാക്കിയെന്നും യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹൂല്‍ മാങ്കൂട്ടത്തില്‍ പറയുകയും അത് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഒ ഐ സി സി ഇന്‍കാസ് ഖത്തറിനോടും യൂത്ത് വിംഗിനോടുമുള്ള അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നന്ദിയും അഭിവാദ്യങ്ങളും അഖിലേന്ത്യാ പ്രസിഡണ്ട് ബി വി ശ്രീനിവാസ് ചടങ്ങില്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടേയും യൂത്ത് വിംഗ് സെന്‍ട്രല്‍ കമ്മിറ്റിയുടേയും പ്രത്യേകം നന്ദി ജനറല്‍ സക്രട്ടറി ശ്രീജിത്ത് രേഖപ്പെടുത്തി.


error: Content is protected !!